വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും; മൃതദേഹങ്ങള്‍ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്‍; ദമ്പതികളുടെ മരണത്തില്‍ ദുരൂഹത

വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Update: 2025-08-28 18:46 GMT

കണ്ണൂര്‍ : വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ അനന്തന്‍ റോഡിലെ കല്ലാളത്ത് താമസിക്കുന്ന പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. മകന്‍ വിദേശത്തുനിന്ന് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.

സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രാഥമിക നിഗമനങ്ങളില്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് ഈ സംഭവം വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. പ്രേമരാജന്‍ ഭാര്യ ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തി. വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്.

മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും കണ്ടെത്തി. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.

മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരീ പുത്രിയാണ് മരിച്ച ശ്രീലേഖ. ഈ സാഹചര്യത്തില്‍ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ദമ്പതികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാനസിക പ്രശ്‌നങ്ങളാണോ മരണകാരണമായതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് മകനെ കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഡ്രൈവര്‍ സരോഷ്. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണെന്നും ശ്രീലേഖയുടെ തലയില്‍ മുറിവുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News