കലൂര്‍ സ്റ്റേഡിയത്തില്‍ സംഘാടകര്‍ അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രം; ജിസിഡിഎയുമായുള്ള കരാര്‍ പുറത്ത്; എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്ന് 'മൃദംഗവിഷന്‍' എംഡി; മുന്‍കൂര്‍ജാമ്യം തേടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമ കസ്റ്റഡിയില്‍

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമ കസ്റ്റഡിയില്‍

Update: 2024-12-30 09:54 GMT

കൊച്ചി: കലൂര്‍  സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകരായ 'മൃദംഗവിഷന്‍' ഹൈക്കോടതിയെ സമീപിച്ചു. 'മൃദംഗനാദം' എന്ന പേരില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഭരതനാട്യ പരിപാടിയുടെ സംഘാടകരായ 'മൃദംഗവിഷന്‍' എംഡി വയനാട് മേപ്പാടി സ്വദേശി എം.നിഗോഷ്‌കുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിച്ചേക്കും.

ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നു. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നല്‍കിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. സ്റ്റേഡിയം ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് സംഘാടകര്‍ അനുമതി തേടിയത്. സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിര്‍മാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയില്‍ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്.

അധികനിര്‍മ്മാണത്തിന് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സില്‍ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അതിനിടെ, പരിപാടിയുടെ നടത്തിപ്പുകാരയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമയെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൃഷ്ണകുമാര്‍ എന്നയാളെയാണ് പലാരിവട്ടം പൊലീസ് ചോദ്യം ചെയ്യുന്നത്. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കല്ലൂരില്‍ പരിപാടി നടത്തിയത്.കല്ലൂര്‍ സ്റ്റേഡിയത്തില്‍ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.

സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹര്‍ജിയില്‍ മൃദഗവിഷന്‍ വ്യക്തമാക്കി.അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം, പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്റെ ഗണ്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.സങ്കടകരമായ അപകടമാണ് എംഎല്‍എയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കി മറ്റു പരിപാടികള്‍ നടത്തിയില്ല.എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഉമ തോമസിന് അപകടമുണ്ടായതിനു പിന്നാലെ പാലാരിവട്ടം പൊലീസ് സംഘാടകര്‍ക്കും പരിപാടിയുടെ നടത്തിപ്പുകാര്‍ക്കുമെതിരെ കേസെടുത്തിരുന്നു. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പ്രവര്‍ത്തി, കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെയും കേസുണ്ട്. ഇതിന്റെ ഉടമകളെ പൊലീസ് ചോദ്യം വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 12,000 ഭരതനാട്യം നര്‍ത്തകിമാര്‍ ഒന്നിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. ചലച്ചിത്രതാരം ദിവ്യ ഉണ്ണിയായിരുന്നു പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയതും. ഉമ തോമസ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശം. പരിപാടിക്ക് എത്തിയ അവര്‍ ഗ്യാലറിയില്‍ നിര്‍മിച്ച വേദിയില്‍നിന്നു താഴേക്കു വീഴുകയായിരുന്നു. വേദിയില്‍ സുരക്ഷിതമായി നടക്കാനുള്ള സ്ഥലമോ കൈപ്പിടിയോ ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമായി പറയുന്നത്. ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

Tags:    

Similar News