ഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുന്‍പും വീട്ടിലെത്തി; കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ എറണാകുളം സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍; അരുംകൊല മകന്‍ സ്‌കൂളില്‍ പോയതിന് പിന്നാലെ
കഠിനംകുളം കൊലപാതകത്തിന് പിന്നില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തെന്ന് സൂചന
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30 യോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുന്‍പും ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. കഠിനംകുളത്തിനു സമീപം പെരുമാതുറ ഭാഗത്ത് ഇയാള്‍ താമസിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോവിന്ദനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒന്‍പതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്‌കൂള്‍ ബസ് വരുന്നത്.
അതിനിടെ വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാതായിരുന്നു. ഇതു കൊലപാതകം നടത്തിയയാള്‍ കൊണ്ടുപോയെന്നാണ് സൂചന. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.