ആണ്‍സുഹൃത്ത് വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ; ഒളിവിലായിരുന്ന അല്‍ഫാനെ വൈത്തിരിയില്‍ നിന്നും പിടികൂടിയത് പണമിടപാടിനായി എത്തിയപ്പോള്‍; പ്രതിയിലേക്ക് അന്വേഷണം നീണ്ടത് ലോ കോളേജിലെ വിദ്യാര്‍ഥിനിയുടെ സഹപാഠികള്‍ മൊഴി നല്‍കിയതോടെ

അല്‍ഫാനെ വൈത്തിരിയില്‍ നിന്നും പിടികൂടിയത് പണമിടപാടിനായി എത്തിയപ്പോള്‍

Update: 2025-03-06 14:09 GMT

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത് വൈത്തിരിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട് എത്തിയപ്പോഴെന്ന് വിവരം. കോവൂര്‍ സ്വദേശിയായ കാരക്കുന്നുമ്മല്‍ ഇ. അല്‍ഫാനെ (34) വൈത്തിരിയില്‍ നിന്നാണ് ഇന്നു രാവിലെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഗോവ, ബെംഗളൂരു, ഗൂഡല്ലൂര്‍, വയനാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

വൈത്തിരിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട് അല്‍ഫാന്‍ എത്തിയപ്പോള്‍ താമസ സ്ഥലം വളഞ്ഞു പിടികൂടുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഈ മാസം 24നു വൈകിട്ട് 3.30ന് ആണ് വാപ്പോളിത്താഴത്തെ വാടക വീട്ടില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി, തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്‌റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.

സഹപാഠികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയത്. മരണശേഷം മൗസയുടെ ഫോണും കണ്ടെത്താനായിരുന്നില്ല. മൗസയുടെ ഫോണ്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. വിവാഹിതനായ അല്‍ഫാനും മൗസയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ക്ലാസില്‍ ഉണ്ടായിരുന്ന മൗസ മെഹ്‌റിസ് പിന്നീട് ക്ലാസില്‍ നിന്നിറങ്ങി. മൂന്നരയോടെ മൗസയുടെ അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ഥി എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഫെബ്രുവരി 24ാം തിയ്യതിയാണ് മൗസ മെഹറിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. അതേസമയം മൗസയുട ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വരികയും ചെയ്തു. ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും പറഞ്ഞാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത്. എന്നാല്‍ മരിച്ചതിന്റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ലോ കോളേജിന് സമീപത്തെ ഒരു കടയില്‍ പാര്‍ട്ട്ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ അല്‍ഫാനെ പരിചയപ്പെട്ടത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു. മറ്റുള്ളവരുമായി ഇടപഴകുന്നതും യുവാവ് വിലക്കിയിരുന്നു.

മൗസ മരിച്ചതിന്റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിയിക്കുകയുമായിരുന്നു. വീട്ടില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി തര്‍ക്കത്തിലായതോടെ താമസ സലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തി ഒളിവില്‍ പോവുകയുമായിരുന്നു.

Tags:    

Similar News