ക്രിമിനലായ സജിയുമായി പ്രണയം; രാത്രിയില്‍ നിലവിളി കേട്ടെത്തിയവര്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം; സജിയെ കാണാനുമില്ല; ഷീജയെ കൊന്ന് കാമുകന്‍ ഒളിവില്‍ പോയോ? കൈമനത്ത് കത്തിക്കരിഞ്ഞത് അമ്പതാം വയസ്സിലെ പ്രണയപ്പക
തിരുവനന്തപുരം: കൈമനത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ കൊലയെന്ന് പ്രാഥമിക നിഗമനം. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. പറമ്പിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി പത്തരയോടെ പ്രദേശവാസികള്‍ സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടിരുന്നു. വന്നുനോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു ബാഗും ചോറ്റുപാത്രവും ഉണ്ട്.
രാവിലെ ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. യുവതിയ്ക്ക് ഈ പ്രദേശത്തുള്ള സജി എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധു പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സജി. യുവതി ഹോസ്റ്റലിലായിരുന്നു താമസം. സജി പല തവണ യുവതിയെ മര്‍ദിച്ചിരുന്നതായി ബന്ധു വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചു. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം.
ഷീജ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടക്കത്തില്‍ തിരിച്ചറിയാനായില്ല. ഷീജയെ രണ്ടുദിവസം മുമ്പാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്റെ വീടെന്നും കുടുംബം പറയുന്നു.
സംഭവം നടന്നതിനു ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തോടെ നിലവിളി ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സജിയെ കാണാനുമില്ല.