താലികെട്ടാന്‍ വരന്‍ ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങള്‍; വധു എതിര്‍ത്തതോടെ പൊലീസിനെ വിളിച്ച് വരന്റെ ബന്ധുക്കള്‍; പൊലീസ് എത്തിയതോടെ വമ്പന്‍ ട്വിസ്റ്റ്
താലികെട്ടാന്‍ വരന്‍ ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങള്‍
ബെംഗളൂരു: കര്‍ണാടകയില്‍ തന്റെ അനുവാദമില്ലാതെ നടത്താന്‍ ശ്രമിച്ച വിവാഹം എതിര്‍ത്ത വധുവിന് കാമുകനൊപ്പം പോകാന്‍ അവസരം ഒരുക്കി പൊലീസ്. താലികെട്ടാന്‍ വരന്‍ ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. താലികെട്ടാന്‍ വധു വിസമ്മതിച്ചതോടെ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം നടന്നത്.
ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്. വരന്റെ മുന്നില്‍ താലി കെട്ടാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വധുവിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു കടന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
താലികെട്ടാന്‍ വധുവിനെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും പുറകില്‍ നിന്ന് വധുവിന്റെ കഴുത്തു താഴ്ത്തി താലി കെട്ടിക്കാന്‍ ശ്രമവും ഉണ്ടായി. യുവതി വഴങ്ങുന്നില്ലെന്നു കണ്ട് വരന്റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോള്‍ ഈ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും യുവതി പറഞ്ഞു. ഇത്രയും നാളും രക്ഷിതാക്കള്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെനും യുവതി അറിയിച്ചു. ഇതോടെ പൊലീസ് യുവതിയുടെ കാമുകനെ വിളിച്ചു വരുത്തി.
യുവതിയുടെയും യുവാവിന്റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും പൊലീസ് അകമ്പടിയോടെ മണ്ഡപത്തില്‍നിന്നും വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. സംഭവത്തില്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ പരാതി പൊലീസ് ഫയലില്‍ സ്വീകരിച്ചില്ല. വധൂവരന്മാരുടെ വിവാഹം നടത്താന്‍ നിര്‍വ്വാഹമില്ലെന്നും പൊലീസ് വിശദീകരിച്ചു . യുവതി കാമുകനൊപ്പം പോയതിനു ശേഷം മണ്ഡപത്തില്‍ അവശേഷിച്ച കുടുംബങ്ങള്‍ വഴക്കിട്ട് രണ്ടു വഴിക്കു പിരിയുകയായിരുന്നു.