ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം; ഗുജറാത്ത് അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്; കൊല്ലപ്പെട്ടത് പാക്കിസ്ഥാന്‍ ചാരനെന്ന് സംശയം
ഗുജറാത്ത് അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
ഗാന്ധിനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്‌കാംഠാ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാജ്യാന്തര അതിര്‍ത്തി കടന്ന ശേഷം അതിര്‍ത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാള്‍ എത്തുന്നത് സൈനികര്‍ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ തടയാന്‍ ശ്രമിച്ചു. എങ്കിലും അയാള്‍ മുന്നോട്ടുവരുന്നത് തുടര്‍ന്നു. ഇതോടെ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നെന്ന് സേന, പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ തല്‍ക്ഷണം മരിച്ചതായും ബിഎസ്എഫ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക്കിസ്ഥാന്‍ ചാരനെന്നാണ് സേനയുടെ സംശയം.
ഇന്ത്യപാക്ക് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകര ക്യാംപുകളും വ്യോമതാവളങ്ങളും സൈന്യം തകര്‍ത്തിരുന്നു.