'എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണു കേട്ടോ'; ഒരു വര്‍ഷമായി ഒമ്പതു വയസുകാരി സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂര പീഡനം: കവിളത്തെ ചുവന്ന് തിണര്‍ത്ത പാടുമായി നാലാം ക്ലാസുകാരി എഴുതിയത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്

'എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണു കേട്ടോ'; ഒമ്പതു വയസുകാരി നേരിട്ടത് ക്രൂര പീഡനം

Update: 2025-08-07 01:51 GMT

ആലപ്പുഴ: ക്ലാസില്‍ അധ്യാപിക അനുഭവക്കുറിപ്പ് എഴുതാന്‍ പറഞ്ഞപ്പോള്‍ നാലാം ക്ലാസുകാരി എഴുതിയ കുറിപ്പ് വന്ന് തറച്ചത് കേരള മനസാക്ഷിയുടെ ഹൃദയത്തിലേക്ക്. പ്രസവിച്ചതിന് പിന്നാലെ അമ്മ മരിച്ച് രണ്ടാനമ്മയുടെയും സ്വന്തം പിതാവിന്റെയും ക്രൂരത തുറന്ന് കാട്ടുന്നതായിരുന്നു ഒമ്പതു വയസ്സുകാരിയുടെ ആ അനുഭവ കുറിപ്പ്. കുറിപ്പ് വായിച്ച അധ്യാപകരുടെയും പോലിസുകാരുടെയും ഉള്ളം അവളെ ഓര്‍ത്ത് തേങ്ങി.

'എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്' ഇങ്ങനെ തുടങ്ങുന്നു ആ കുരുന്നെഴുതിയ കുറിപ്പ്. സെറ്റിയില്‍ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത്. ശുചിമുറിയില്‍ കയറരുത് അങ്ങിനെ പോകുന്നു ആ കുഞ്ഞ് മകളുടെ കത്തിലെ ഉള്ളടക്കം. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് അടിച്ചു തിണര്‍പ്പിച്ച കവിളിലൂടെ കണ്ണീരൊഴുക്കി കൊണ്ടായിരുന്നു അവള്‍ ആ കത്ത് എഴുതിയത്. മറ്റ് കുട്ടികള്‍ അച്ഛനും അമ്മയും നല്‍കിയ സമ്മാനത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും അനുഭവ കുറിപ്പില്‍ വാചാലമായപ്പോഴാണ് അവള്‍ തേങ്ങലോടെ താന്‍ വീട്ടില്‍ അനുഭവിക്ുന്ന സമാനതകളില്ലാത്ത പീഡനത്തെ കുറിച്ച് തുറന്നെഴുതുന്നത്.

അന്‍സാറിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ടു മാസം മുന്‍പാണു പുതിയ വീട്ടിലേക്കു മാറിയത്. സെറ്റിയില്‍ ഇരിക്കരുത്, ശുചിമുറിയില്‍ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകളുള്ളതായിരുന്നു പുതിയ വീടെന്നും തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്‍ താമസിച്ചാല്‍ മതിയെന്നും കുറിപ്പിലും നേരിട്ടും അവള്‍ കേണു പറഞ്ഞു.

അടികൊണ്ട് വിങ്ങി ചോര തിണിര്‍ത്ത കവിളുമായാണ് ആ കുരുന്ന് തന്റെ കുറിപ്പ് എഴുതി തീര്‍ത്തത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കരയാതെ വായിക്കാന്‍ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. ഒരു വര്‍ഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുള്ളൂ. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്‌നി മരിച്ചതിനെ തുടര്‍ന്ന് അന്‍സാറിന്റെ മാതാപിതാക്കളാണു വളര്‍ത്തിയത്. അഞ്ച് വര്‍ഷം മുന്‍പ് അന്‍സാര്‍ മാതൃസഹോദരന്റെ മകള്‍ ഷെബീനയെ വിവാഹം ചെയ്തു. ഇവര്‍ക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോള്‍ കവിളുകളില്‍ തിണര്‍പ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങള്‍ പുറത്തു വന്നത്.

ചൊവ്വാഴ്ച രാത്രിയും കുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനമാണ്. ഒന്ന് ഉറങ്ങാന്‍ പോലും ആവാതെ അവള്‍ രാത്രി മുഴുവനും കരഞ്ഞിരുന്നു. പിറ്റേദിവസം സ്‌കൂളിലെത്തിയപ്പോഴാണ് ടീച്ചര്‍ പറഞ്ഞത് അനുസരിച്ച് അനുഭവക്കുറിപ്പ് എഴുതുന്നത്. കത്തു വായിച്ച സ്‌കൂള്‍ അധികൃതര്‍ സംഭവം പോലിസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികളായ പാലമേല്‍ കഞ്ചുകോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാറും ഭാര്യ ഷെബീനയും ഒളിവില്‍ പോയി. ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഷെബീന തലമുടിയില്‍ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങള്‍ പറഞ്ഞെന്നും കുട്ടി അധ്യാപകരെയും പൊലീസിനെയും അറിയിച്ചു. ഇരുവരും ചേര്‍ന്ന് ഇരുകവിളിലും പലതവണ അടിച്ചു, കാല്‍മുട്ട് അടിച്ചു ചതച്ചു. പുലര്‍ച്ചെ വരെ ഉറങ്ങാതെ താന്‍ കരയുകയായിരുന്നെന്നും കൂട്ടി പറഞ്ഞു.

അന്‍സാര്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അന്‍സാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.


Tags:    

Similar News