ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ എത്തുന്ന സമയത്ത്; തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍

തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍

Update: 2025-08-10 07:35 GMT

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്ന സമയത്താണ് ട്രാക്കില്‍ കമ്പി കണ്ടെത്തിയത്. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കില്‍ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത്. കമ്പി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനാണ് തിരുനാവായ. തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപത്താണ് ട്രാക്കില്‍ രണ്ട് ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയത്. പഴയ കെട്ടിടത്തില്‍ നിന്നൊക്കെ പൊളിച്ച് ഒഴിവാക്കുന്ന തുരുമ്പിച്ച കമ്പികളാണ് കണ്ടെത്തിയത്. കമ്പി വെച്ചതിന് സമീപത്ത് വെച്ച് തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നല്‍കിയത്.

റെയില്‍വെ പൊലീസ് പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറി. കുറച്ച് ദിവസങ്ങളായി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടന്നിരുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമമാണോയെന്ന് പൊലീസ് അന്വേഷിക്കും. അതേസമയം, ട്രാക്കില്‍ പോസ്റ്റും മരവും കല്ലും കോണ്‍ക്രീറ്റ് പാളികളുമൊക്കെയിട്ട് സംസ്ഥാനത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായത് നൂറോളം ശ്രമങ്ങളാണ്. ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ചാണ് ഈ തീക്കളി. സാമൂഹ്യ വിരുദ്ധരും മദ്യപരുമാണ് പിന്നിലെന്ന് എഴുതിത്തള്ളുന്ന പൊലീസും റെയില്‍വേയും സംഘടിതമായ ആസൂത്രണമുണ്ടോയെന്ന് കണ്ടെത്തുന്നില്ല.

അട്ടിമറിശ്രമങ്ങളില്‍ തീവ്രവാദ ബന്ധവും സംശയിക്കുന്നതിനാല്‍ എന്‍.ഐ.എയടക്കം അന്വേഷണത്തിനുണ്ട്. വിജനമായ സ്ഥലങ്ങളായതിനാല്‍ സി.സി ടിവി ദൃശ്യങ്ങളടക്കം കിട്ടാത്തതാണ് അന്വേഷണത്തിന് പ്രധാന വെല്ലുവിളി. ട്രാക്കുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അട്ടിമറിശ്രമക്കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് റെയില്‍വേ ബോധവത്കരണവും നടത്തുന്നുണ്ട്.ട്രെയിന്‍ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കേന്ദ്രനിലപാട്.

കേസെടുക്കല്‍,അന്വേഷണം,ട്രെയിനിലെ സുരക്ഷ എന്നിവ പൊലീസിനാണ്. റെയില്‍വേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണം ആര്‍.പി.എഫിനും.ഇരുപതു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. വിമാനം, കപ്പല്‍, റെയില്‍ അടക്കം യാത്രാസംവിധാനങ്ങള്‍ തകര്‍ക്കുന്നതിനുള്ള ബി.എന്‍.എസ് 327(1), ട്രെയിന്‍അട്ടിമറിക്കുള്ള ബി.എന്‍.എസ് 150(1എ), റെയില്‍വേ നിയമത്തിലെ 153അടക്കം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തും.

Similar News