'എന്റെ മകളെ കാണാനില്ലേ...'; പാതിരാത്രി സ്റ്റേഷനിൽ നിലവിളിച്ചെത്തിയ കുടുംബം; അന്വേഷണത്തിനിടെ കൊടും കാട്ടിൽ നിന്നും ഒരു അജ്ഞാത കോൾ; എന്ത് ചെയ്യണമെന്നറിയാതെ പോലീസ്; എന്നെ...വെറുതെ വിടണമെന്ന് മറുപടി; അമ്പരന്ന് വീട്ടുകാർ
എഡിൻബർഗ്: ടെക്സാസിൽ നിന്ന് കാണാതായ 36-കാരിയായ കൗറ ടെയ്‌ലർ താൻ ഒരു "ലോസ്റ്റ് ട്രൈബിനൊപ്പമാണ്" ജീവിക്കുന്നതെന്ന് വെളിപ്പെടുത്തൽ. തന്നെ കാണാതായതല്ലെന്നും അവകാശപ്പെട്ട് വീഡിയോ സന്ദേശവുമായെത്തി. സ്കോട്ട്ലൻഡിലെ വനപ്രദേശങ്ങളിൽ 'കിങ്ഡം ഓഫ് കുബാല' എന്നറിയപ്പെടുന്ന സംഘത്തോടൊപ്പമാണ് കൗറ ഇപ്പോൾ കഴിയുന്നത്.
കൗറയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. എഡിൻബർഗിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ജെഡ്ബർഗിനടുത്തുള്ള വനപ്രദേശത്താണ് ഈ സംഘം ക്യാമ്പ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പൂർവ്വികർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയാണ് തങ്ങളെന്ന് 'കിങ്ഡം ഓഫ് കുബാല' അവകാശപ്പെടുന്നു.
സംഘത്തോടൊപ്പം ചേർന്നതോടെ കൗറ തന്റെ പേര് 'അസ്നത്ത്' എന്ന് മാറ്റുകയും 'ദാസി' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. ക്യാമ്പിൽ നിന്നയച്ച വീഡിയോ സന്ദേശത്തിൽ, യുകെ അധികൃതരോടായി കൗറ പറയുന്നു: "തീർച്ചയായും എന്നെ കാണാതായിട്ടില്ല. എന്നെ വെറുതെ വിടൂ. ഞാൻ ഒരു മുതിർന്നയാളാണ്, നിസ്സഹായയായ കുട്ടിയല്ല."
'കിങ്ഡം ഓഫ് കുബാല' ഭരിക്കുന്നത് മുൻ ഓപ്പറ ഗായകനായ 36-കാരൻ അതെഹെനും ഭാര്യ നന്ദിയും ആണ്. ഇവർ 'രാജാവും രാജ്ഞിയുമായാണ്' അറിയപ്പെടുന്നത്. യഹോവയുടെ നിയമങ്ങളാണ് തങ്ങൾ അനുസരിക്കുന്നതെന്നും പ്രകൃതിയോട് ഇഴുകിച്ചേർന്ന ലളിതമായ ജീവിതമാണ് നയിക്കുന്നതെന്നും ഇവർ പറയുന്നു.
കൗറയെ കാണാതായ സമയം, വീട്ടുകാർക്ക് എന്തുകൊണ്ട് വിവരങ്ങളൊന്നും ലഭിച്ചില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സംഭവത്തോടെ, സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ട് ഇത്തരം സംഘങ്ങളോടൊപ്പം ചേരുന്നവരുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്.