കരാര്‍ പണിക്കെത്തിയ വീട്ടിലെ 16കാരിയെ പ്രണയം നടിച്ച് താലികെട്ടി; വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; വിവാഹിതന്‍ എന്ന് അറിഞ്ഞത് ഭാര്യയും കുട്ടികളും അന്വേഷിച്ച് എത്തിയപ്പോള്‍; പ്രതിക്ക് 40വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: വര്‍ക്കലയില്‍ കരാര്‍ പണിക്കെത്തിയ വീട്ടിലെ 16കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നഗരൂര്‍ സ്വദേശി അനീഷിനെയാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2015ല്‍ അയിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
16കാരിയുടെ വീട്ടില്‍ കരാര്‍ പണിക്ക് എത്തിയതായിരുന്നു വിവാഹിതനായ അനീഷ്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് പ്രതിയുടെ വാടകവീട്ടില്‍ എത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീണ്ടും കുട്ടിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കുട്ടിയുടെ മുഖത്തടിച്ചു. പ്രതിയുടെ ആദ്യ ഭാര്യയും കുട്ടികളും പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാള്‍ വിവാഹിതനാണെന്ന കാര്യം കുട്ടി അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും ഇന്ത്യന്‍ ശിക്ഷാനിയമം 323 വകുപ്പ് പ്രകാരവുമാണ് അനിഷീന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും വര്‍ക്കല അതിവേഗ കോടതി ജഡ്ജി എസ്. ആര്‍. സിനി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ഹേമചന്ദ്രന്‍ നായര്‍ ഹാജരായി.