'നേതൃത്വത്തെ അണികള്‍ തിരുത്തണം'!; സിപിഎമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ അടുത്ത ബോംബ് വരുന്നു! പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍; നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതോടെ നിര്‍ണായകനീക്കം

Update: 2026-01-30 09:39 GMT

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംരക്ഷണം തേടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പരിപാടി അലങ്കോലപെടുത്താന്‍ സാധ്യതയുണ്ട്. നേരത്തെ ബിജെപി സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു ഇത് എല്ലാം പരിഗണിച്ചാണ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തനിക്ക് ഒരു ഭീതിയും ഇല്ലെന്നും തന്നെ ആക്രമിക്കണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലോങ്കാലപ്പെടുമെന്ന് ആശങ്കയുണ്ട്. എസ് പിക്കും കത്ത് നല്‍കിയിരുന്നു അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ എല്ലാം ശരിയെന്നു വിശ്വസിക്കുന്ന വലിയ വിഭാഗം ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വര്‍ധിച്ചു എന്നാണ് മനസ്സിലാക്കുന്നത്. പയ്യന്നൂരിലെ നേതൃത്വത്തിലുള്ള പലരും താന്‍ പറയുന്നത് ശരി എന്ന് കരുതുന്നവരാണ് അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനന്‍ പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്.

'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ് പുസ്തകത്തിന്റെ പേര്. 16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തില്‍ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്റേതെന്നും പുസ്തകത്തിലുണ്ട്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പുള്‍പ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിക്കുന്നത്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാര്‍ട്ടിയായി സിപിഎം മാറി. നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാല്‍ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

'പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അന്ത്യം' എന്ന തലക്കെട്ടോടെയാണ് അദ്ധ്യായം തീരുന്നത്. പാര്‍ട്ടിക്കകത്തെ തെറ്റുകള്‍ക്കെതിരെയും സമൂഹത്തിലെ അനീതികള്‍ക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ പുസ്തകം സമര്‍പ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അവസാനത്തെ അദ്ധ്യായം അവസാനിക്കുന്നത്.

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുസ്തകത്തില്‍ കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ അന്നുതന്നെ പറഞ്ഞിരുന്നു.

ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News