8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍ഐഎ
8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്!
ബംഗളുരു: ബംഗളുരു ജയലിലില്‍ തീവ്രവാദ കേസില്‍ കഴിഞ്ഞിരുന്ന തടിയന്റവിട നസീല്‍ അടക്കമുള്ള കൊടുംഭീകരര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചു നല്‍കിയ കേസില്‍ അറസ്റ്റു ചെയ്ത മനോരോഗ വിദഗ്ദ്ധന്‍ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍എഐ. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എങ്ങനെയാണ് നാഗരാജ് ജയില്‍പുള്ളികളെ സഹായിച്ചതെന്ന് വ്യക്തമായി. ഇയാള്‍ ജയില്‍പുള്ളികള്‍ക്ക് ഫോണ്‍ എത്തിച്ചു നല്‍കിയത് വലിയ തോതില്‍ പണം വാങ്ങിയതിന് ശേഷമാണെന്നാണ് വ്യക്തമാകുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ബന്ധമുള്ള തീവ്രവാദ കുറ്റവാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ അറസ്റ്റിലായ ജയിലിലെ ഡോക്ടര്‍ പ്രാദേശിക മൊബൈല്‍ ഷോപ്പില്‍ നിന്ന് 8000 മുതല്‍ 10,000 രൂപ വരെ വിലയ്ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി തടവുകാര്‍ക്ക് 25,000 രൂപയ്ക്ക് വിറ്റിരുന്നുവെന്നും കണ്ടെത്തി.
ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള തടിയന്റവിടെ നസീര്‍ (47) ജയിലില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കേസില്‍ ജയില്‍ മനഃശാസ്ത്രജ്ഞനായ ഡോ. എസ് നാഗരാജിനെ ജൂലൈ 8 ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ മറ്റ് തടവുകാര്‍ക്കും മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തുവെന്നാരോപിച്ചാണ് ജയില്‍ മനഃശാസ്ത്രജ്ഞനായ ഡോ. എസ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഒരു ഭീകരവാദ കേസില്‍ നസീര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2008 ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിലും ജയിലിലെ മതതീവ്രവാദ കേസിലും നിലവില്‍ വിചാരണ നേരിടുകയാണ്.
ഡോ. നാഗരാജുവില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ ചില തടവുകാരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുവാദം തേടിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു കൊലപാതക കുറ്റവാളിയെ ചോദ്യം ചെയ്യാന്‍ തീവ്രവാദ കേസുകള്‍ക്കായുള്ള പ്രത്യേക കോടതി എന്‍ഐഎയ്ക്ക് അനുമതി നല്‍കി. ജയില്‍ മനഃശാസ്ത്രജ്ഞന്‍ രാജ്യത്തുടനീളമുള്ള അവധിക്കാല റിസോര്‍ട്ടുകളില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ഫോണ്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹത്തിന്റെ രണ്ട് കാമുകിമാരില്‍ ഒരാള്‍ അദ്ദേഹത്തെ സഹായിച്ചുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
ഡോ. നാഗരാജ് തന്റെ വീടിനടുത്തുള്ള ഒരു മൊബൈല്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ജയിലിലേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയി, തടവുകാര്‍ക്ക് കൈമാറുകയായിരുന്നുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. 8,000 മുതല്‍ 10,000 രൂപ വരെ വിലയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക്, ജയില്‍ സൈക്യാട്രിസ്റ്റ് തടവുകാരില്‍ നിന്ന് ഒരു മൊബൈലിന് 25,000 രൂപ വച്ച് വാങ്ങിയതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എന്‍ഐഎ പറയുന്നു. ഇതു കൂടാതെ മറ്റ് സാമ്പത്തിക ഇടപാടും നടത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
ജയിലിലെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളില്‍ കഴിയുന്ന തടിയന്റവിടെ നസീര്‍ പോലെയുള്ള കുറ്റവാളികളായ തടവുകാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനായി ലഭിക്കുന്ന ഫണ്ടിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. മറ്റ് തടവുകാരെ അപേക്ഷിച്ച് ഉയര്‍ന്ന വിലയ്ക്കാണ് നസീറിന് ഡോക്ടര്‍ ഫോണുകള്‍ വിറ്റിരുന്നതെന്നാണ് വിവരം.
'രഘു എന്ന വ്യാജ പേരിലാണ് ഈ മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്. ഒന്നാം പ്രതി നസീര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും രഘു എന്ന വ്യാജ നാമത്തില്‍ പ്രിയ മൊബൈലില്‍ നിന്ന് വാങ്ങിയതാണെന്നും വ്യക്തമായിട്ടുണ്ട്,' എന്‍ഐഎ കോടതി ചൂണ്ടിക്കാട്ടി. ഫോണുകള്‍ എത്തിക്കുന്നതിന് തടവുകാരില്‍ നിന്ന് സൈക്യാട്രിസ്റ്റിന് പണം ലഭിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. നസീറിന്റെയും മറ്റുള്ളവരുടെയും ഫോണ്‍ വിതരണവും ഉപയോഗവും സംബന്ധിച്ച് ജയിലില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് പ്രത്യേക കോടതി ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു.
2009 മുതല്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള നസീര്‍, 2017 മുതല്‍ 2023 വരെ ജയിലില്‍ കഴിയുന്ന എട്ട് വിചാരണത്തടവുകാരായ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്നാണ് കേസ്. ജയില്‍ മോചിതരാകുമ്പോള്‍ ജിഹാദില്‍ ഏര്‍പ്പെടാന്‍ നസീര്‍ അവരെ പ്രേരിപ്പിച്ചു. ഇതില്‍ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു, ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
കേസില്‍ അറസ്റ്റിലായ എട്ട് തടവുകാരില്‍ നസീര്‍ ഉള്‍പ്പെടെഏഴ് പേര്‍, ജൂലൈ 7 ന് എന്‍ഐഎ അന്വേഷിക്കുന്ന ജയില്‍ തീവ്രവാദ, ഭീകര ഗൂഢാലോചന കേസില്‍ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. ജൂലൈ 8 ന്, കേസില്‍ എന്‍ഐഎ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ആംഡ് റിസര്‍വ് പൊലീസുകാരന്‍ ചാന്‍ ബാഷ, തീവ്രവാദ കേസില്‍ കാണാതായ പ്രതി ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ, ജയിലിലെ മനോരോഗ വിദഗ്ധന്‍ ഡോ. നാഗരാജ് എന്നിവരെ, നസീറിന്റെ ജയിലിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
നസീറിനെ കൂടാതെ, സയ്യിദ് സുഹൈല്‍ (24), മുഹമ്മദ് ഉമര്‍ (30), സാഹിദ് തബ്രെസ് (27), സയ്യിദ് മുദാസിര്‍ പാഷ (29), മുഹമ്മദ് ഫൈസല്‍ (29), സല്‍മാന്‍ ഖാന്‍ (29), വിക്രം കുമാര്‍ എന്ന ഛോട്ട ഉസ്മാന്‍ (25) എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന കേസിലെ വിവിധ പ്രതികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കിയത് അനീസ് ഫാത്തിമയാണെന്നാണ് എന്‍ഐഎ പറയുന്നത്. നസീറിന്റെ പൊലീസ് എസ്‌കോര്‍ട്ട് വിവരങ്ങള്‍ കൈക്കൂലി വാങ്ങി കൈമാറിയെന്നതാണ് പൊലീസുകാരനെതിരായ കുറ്റം. ജയിലിലേക്ക് ഫോണുകള്‍ കടത്തിയതിനാണ് സൈക്യാട്രിസ്റ്റ് ഡോ. നാഗരാജിനെ പ്രതിയാക്കിയത്.
ബെംഗളൂരു പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറിലാണ് ജയില്‍ ഭീകര ഗൂഢാലോചന കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. നസീര്‍ ജയിലില്‍ വെച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം പ്രതികള്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതായി അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചു. 13 വര്‍ഷത്തിലേറെയായി ജയിലിലായിരുന്ന നസീര്‍, 2017 നും 2019 നും ഇടയില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന 20 യുവാക്കളുടെ സംഘത്തിലെ ചിലരെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചുവെന്ന് ബെംഗളൂരു പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ സൂചന നല്‍കിയിരുന്നു.