സ്ത്രീധന പീഡനവും സൗന്ദര്യം കുറവെന്ന അധിക്ഷേപവും കാരണം വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ പ്രഭിന് സസ്‌പെന്‍ഷന്‍
ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി;
മലപ്പുറം: മലപ്പുറം എളങ്കൂരിലെ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന് സസ്‌പെന്‍ഷന്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്‌പെന്‍സ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.
കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരില്‍ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവന്‍ ആരോപിച്ചിരുന്നു.
വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
വിഷ്ണുജയുടെ സുഹൃത്തുക്കളും പീഡനങ്ങളെ കുറിച്ചു തുറന്നു പറഞ്ഞ് രംഗത്തുവന്നിരുന്നു. ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മര്‍ദിച്ചിരുന്നുവെന്നും അതിന് ശേഷം മാപ്പ് പറഞ്ഞ് കാലുപിടിക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കാലുപിടിച്ച് പിന്നാലെ വരുന്നതോടെ വിഷ്ണുജ ക്ഷമിക്കുമെന്നും വീട്ടില്‍ ഇക്കാര്യം സംസാരിക്കണമെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും കൂട്ടുകാര്‍ വെളിപ്പെടുത്തി.
വീട്ടില്‍ പറയണമെന്ന് പറയുമ്പോള്‍ പ്രബിന്‍ പാവമാണെന്നും സോറി പറഞ്ഞു, താന്‍ നേരെയാക്കിയെടുത്തോളാമെന്നും നിങ്ങളാരും സംസാരിക്കേണ്ടതില്ലെന്നും വിഷ്ണുജ പറയാറുണ്ടായിരുന്നതെന്നും സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു. അന്ന് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലോ,മറ്റാരെങ്കിലും ഇടപെട്ടിരുന്നുവെങ്കിലോ ആ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് വേദനയോടെ കൂട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ ഇടപെട്ടാല്‍ ബന്ധം ഒഴിവാക്കി വീട്ടില്‍ കൊണ്ടു നിര്‍ത്തുമെന്നും, മൂന്ന് പെണ്‍മക്കളുള്ള തന്റെ വീട്ടില്‍ അത് ബാധ്യതയാകുമെന്നും വിഷ്ണുജ ഭയന്നിരുന്നുവെന്നും കൂട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു
സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിഷ്ണുജയുടെ വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു.