ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു; ഭര്‍ത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞപ്പോഴാണ് അവര്‍ പിന്‍മാറിയത്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശ്രീലേഖക്കെതിരെ അവരുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു
തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന്റെ ചുവടു പിടിച്ചു ഒരു വിഭാഗം കേരളാ പോലീസിനെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് ചര്‍ച്ചയാക്കി രംഗത്തുവന്നിരുന്നു. ഈ വിഷയം കേരളാ പോലീസിനെതിരെ ഉന്നയിച്ചവര്‍ ഇപ്പോള്‍ ബിജെപിക്കും ശ്രീലേഖക്കും എതിരായി ഉയര്‍ത്തിയിട്ടുണ്ട്. ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ അവര്‍ തന്നെ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ ബിജെപിയെയും ശ്രീലേഖയെയും എതിര്‍ക്കുന്നവര്‍ ചര്‍ച്ചയാക്കുന്നത്.
ഒരു കാലത്ത് തന്റെ കുടുംബം ആര്‍എസ്എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീലേഖ വെളിപ്പെടുത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് ആര്‍.എസ്.എസിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോഴാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്. തന്റെ ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്ന് സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനല്‍ വഴി ശ്രീലേഖ വെളിപ്പെടുത്തിയത്. എന്നാല്‍ ഭര്‍ത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞതോടെ ആര്‍.എസ്.എസ് സംഘം ക്വട്ടേഷനില്‍ നിന്ന് പിന്‍മാറുകയായിരുന്നു എന്നുമാണ് ശ്രീലേഖ വെളിപ്പെടുത്തിയത്.
ഈ വിഷയം പുതിയ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കുയാണ് ബിജെപിയെ എതിര്‍ക്കുന്നവര്‍. സോഷ്യല്‍ മീഡിയയിലും ഈ വിഷയം സജീവമായി ചര്‍ച്ചയാകുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ള വീഡിയോയില്‍ ശ്രീലേഖ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്:
''ഒരിക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരാണോ അബ്കാരി മുതലാളിമാരാണോ അതോ വേറെ ആരെങ്കിലുമാണോ എന്നറിയില്ല. ആര്‍.എസ്.എസ് ഗുണ്ടകളായ ചിലര്‍ ക്വട്ടേഷന് നാല് ലക്ഷം രൂപയും കൈപ്പറ്റി. ബസില്‍ കയറി കൊല്ലാനായിരുന്നു പദ്ധതിയിട്ടത്. അന്ന് ഭര്‍ത്താവ് ബസില്‍ കയറിയാണ് ദിവസവും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോയിരുന്നത്. തിരിച്ചും ബസില്‍ തന്നെയായിരുന്നു യാത്ര. ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോഴാണ് ശ്രീലേഖ എന്ന എസ്.പിയുടെ ഭര്‍ത്താവിന് എന്തോ ബി.ജെ.പി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായത്.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബി.ജെ.പി അംഗങ്ങളാണെന്നും അദ്ദേഹവും ബി.ജെ.പി അനുഭാവിയാണെന്നും മനസിലാക്കി. ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷന്‍ ഉണ്ടായിരുന്നു, സൂക്ഷിച്ചു പോകണമെന്ന് സാറിനോട് പറയണമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായാല്‍ വേറെ ആര്‍ക്കെങ്കിലും അവര്‍ ക്വട്ടേഷന്‍ കൈമാറുമെന്നും അവര്‍ പറഞ്ഞിരുന്നു.''-എന്നായിരുന്നു ശ്രീലേഖയുടെ മറുപടി.
1997ലെ വ്യാജചാരായ വേട്ടക്ക് പിന്നാലെയായിരുന്നു നടപടിയെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. പൊലീസ് അടക്കമുള്ള നിരവധി ഉദ്യോഗസ്ഥര്‍ അതിന്റെ പിറകിലുള്ള മദ്യരാജാവില്‍ നിന്നും മാസപ്പടി കൈപ്പറ്റുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തന്റെ കീഴിലുള്ള 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ശിപാര്‍ശ ചെയ്തിരുന്നു. പിന്നാലെ സര്‍വീസ് റിവോള്‍വറുമായി വന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീലേഖ പറയുകയുണ്ടായി.
തന്റെ വീട്ടില്‍ കെട്ടുകണക്കിന് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതി കിട്ടിയെന്ന് ഒരിക്കല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് പറഞ്ഞെന്നും ശ്രീലേഖ പറയുകയുണ്ടായി. വീട് റെയ്ഡ് ചെയ്യണമെന്നാണ് പരാതി ലഭിച്ചത്. സൂക്ഷിക്കമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയും കുടുക്കാന്‍ ശ്രമമോ എന്ന് പേടിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റില്‍ ഒരുകാര്യത്തിന് വിളിച്ചപ്പോള്‍ മാഡത്തിന്റെ വീട്ടില്‍ സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതി കിട്ടിയെന്നു പറഞ്ഞു. വളരെയധികം പേടിച്ച് ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നതെന്നും ശ്രീലേഖ വെളിപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ ദിവസമാണ് ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വിശ്വാസമുള്ളതു കൊണ്ടാണ് കൂടെ കൂടിയതെന്നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു ശേഷം ശ്രീലേഖ പറഞ്ഞത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീട്ടിലെത്തിയാണ് ശ്രീലേഖക്ക് അംഗത്വം നല്‍കിയത്.
അതിനിടെ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലതതില്‍ കാന്തപുരം സുന്നി വിഭാഗം മുഖപത്രം സിറാജ് ആഭ്യന്തര വകുപ്പിനെതിരെ ഇന്ന് രംഗത്തുവന്നിരുന്നു. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിക്കുന്നു. കേരള പൊലീസില്‍ ആര്‍ എസ് എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല. ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് വിമര്‍ശിച്ചിരുന്നു.
കേരള പൊലീസിന്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം പ്രകടമാണ്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. നിയമനടപടി സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും. അതേസമയം, സംഘപരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാപ്രവര്‍ത്തകര്‍ക്കുമെതിരെ നിലപാട് കടുപ്പിക്കുമെന്നും സിറാജ് ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന കെ പി ശശികലയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ല. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അവരെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ലെന്ന് അന്നൊരു പൊലീസ് ഉദ്യോഗസ്ഥന്‍ തുറന്നെഴുതിയെന്നും സിറാജ് ചൂണ്ടിക്കാണിച്ചു.