ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍; 'ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചനയുടെ ഭാഗം'; നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി തെളിവെടുപ്പ് പ്രത്യേക അന്വേഷണം സംഘം
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ കൂടുതല്‍ നടപടികള്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടക്കം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രണ്ട് പേരാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. നേരത്തെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തിയിരിക്കുന്നത്.
വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വിരമിക്കല്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. അതേസമയം കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. അന്വേഷണത്തിന്റെ ഭാഗമായണ് തെളിവെടുപ്പിന് അന്വേഷണം സംഘം എത്തിയത്.
അതേസമയം ശബരിമലയില്‍ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇത് ഗൗരവമുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതും നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആണ് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശക്തമായ അന്വേഷണം നടത്തി വരികയാണ്.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ പരാതിയും നല്‍കി. വസ്തുതകള്‍ ഇതായിരിക്കെ ദേവസ്വം ബോര്‍ഡിനെ ആകെ കരിവാരിത്തേക്കാനും സംശയ നിഴലില്‍ നിര്‍ത്താനും അതുവഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളെ തകര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്.
ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം. അവര്‍ക്കെതിരെ മാതൃകാപരമായ നടപടിയും കൈക്കൊള്ളണം എന്നുതന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. ശബരിമല മുതല്‍ പെറ്റി ദേവസ്വം ക്ഷേത്രങ്ങളില്‍ വരെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ഉത്സവാദി ചടങ്ങുകള്‍ കൃത്യമായി നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസക്തി വലുതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെയും കട്ടിളപ്പടികളിലെയും സ്വര്‍ണം 2019ല്‍ മോഷണംപോയ സംഭവത്തില്‍ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കേസില്‍ 10 പ്രതികളും രണ്ടാമത്തേതില്‍ എട്ട് പ്രതികളുമുണ്ട്. ആജീവനാന്ത തടവോ രണ്ടു വര്‍ഷംമുതല്‍ 10 വര്‍ഷംവരെ തടവും പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസുകളിലെല്ലാം ഐപിസി 34 ചേര്‍ത്തിട്ടുണ്ട്. 403, 406, 409, 466, 467 വകുപ്പുകള്‍കൂടി അനുസരിച്ചാണ് കേസ്.
എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച രണ്ടു കേസിലും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. പ്രതിപ്പട്ടികയില്‍ മുരാരി ബാബു, സുധീഷ് കുമാര്‍, എസ് ജയശ്രീ, സുനില്‍കുമാര്‍, കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, വി എസ് രാജേന്ദ്രപ്രസാദ്, കെ രാജേന്ദ്രന്‍നായര്‍, 2019 ലെ ദേവസ്വം കമീഷണര്‍, തിരുവാഭരണം കമീഷണര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, ദേവസ്വം ബോര്‍ഡ് എന്നിവരുമുണ്ട്.
ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്‍ സന്നിധാനത്ത് പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. ശനിയാഴ്ച ആരംഭിച്ച പരിശോധന തിങ്കള്‍ വൈകിട്ടാണ് സമാപിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം മടങ്ങിയതെന്നും പറയുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കൈമാറും.