ഭാര്യയെ വെട്ടിക്കൊന്ന ശേഷം മരുമകളെ ഫോണില്‍ വിളിച്ചു പറഞ്ഞു; ഓട്ടോ പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതവും കീഴടങ്ങലും; സ്വരസ്വതിയമ്മയുടെ ജീവനെടുത്തതും ഭര്‍ത്താവിന്റെ സംശയ രോഗം; ഞെട്ടിവിറച്ച് പള്ളിക്കലുകാര്‍
അസ്വാഭാവിക രീതിയിലാണ് കൊല നടത്തിയതും അതിന് ശേഷം സുരേന്ദ്രന്‍ പിള്ള നീങ്ങിയതും
കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കൊന്നത് സംശയ രോഗത്താല്‍. 50 കാരിയായ പള്ളിക്കല്‍ സ്വദേശിനി സരസ്വതി അമ്മയെയാണ് ഭര്‍ത്താവ് സുരേന്ദ്രന്‍പിള്ള കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അതിക്രൂരമായ സംഭവം നടന്നത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. കുടുംബ പ്രശ്‌നത്തിലെ താഴപ്പിഴകളാണ് ക്രൂരകൃത്യത്തിന് വഴിവച്ചത്.
അസ്വാഭാവിക രീതിയിലാണ് കൊല നടത്തിയതും അതിന് ശേഷം സുരേന്ദ്രന്‍ പിള്ള നീങ്ങിയതും. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രന്‍ പിള്ള മൂത്ത മരുമകളെ ഫോണില്‍ വിളിച്ച് അറിയിച്ചതിനു ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സ്റ്റേഷനിലെത്തി സംഭവിച്ചത് എന്തെന്ന് സുരേന്ദ്രന്‍ അതേ പടി വിശദീകരിക്കുകയായിരുന്നു. സരസ്വതി അമ്മയുടെ കൈകള്‍ രണ്ടും കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് കുറ്റസമ്മതം.
കൊല നടന്ന സമയത്ത് ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഇവര്‍ അയല്‍പക്കത്തെ വീട്ടിലേക്ക് പോയ സമയം നോക്കിയായിരുന്നു പ്രതി സരസ്വതി അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലുമാണ്.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ബന്ധുക്കള്‍ നല്‍കുന്നത് സംശയ രോഗത്തിന്റെ സൂചനകളാണ്. സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്‍ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു. സരസ്വതിയെ മദ്യ ലഹരിയില്‍ പതിവായി ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് മുന്‍പും പല തവണ ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ സംശയ രോഗം ആരോപിക്കുമ്പോഴും കൊലപാതകത്തിന് കാരണമെന്താണെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വര്‍ഷമാണ് ജോലിയില്‍നിന്ന് വിരമിച്ചത്.