ഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്‍ഷം

നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്‍ഷം

Update: 2025-10-20 10:21 GMT

നെടുമങ്ങാട്: ഇടക്കമായി നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തിന് ഒടുവില്‍ നെടുമങ്ങാട് വീണ്ടും എസ്ഡിപിഐ- സിപിഎം സംഘര്‍ഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

അഴീക്കോട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കുടുംബത്തിന്റെ മുന്നില്‍ വച്ചായിരുന്നു ദീപുവിനെ ആക്രമിച്ചത്. പരിക്കേറ്റ ദീപുവിനെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

ദീപുവിന് ആക്രമണമേറ്റതിന് പിന്നാലെ നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കായ്പ്പാടി -കുമ്മി പള്ളി പള്ളിമുക്ക് ജങ്ഷനില്‍ നാദിര്‍ഷാ എന്നയാളുടെ വീടിന്റെ ജനല്‍ ഗ്ലാസുകളും സമദ് എന്നയാളുടെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസും മാരുതി ആള്‍ട്ടോ കാറിന്റെ ഗ്ലാസും ചെടിച്ചട്ടികളും ഒരു സംഘം തകര്‍ത്തു.

തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടി നെടുമങ്ങാട് ആശുപത്രിക്ക് മുന്‍വശം ആംബുലന്‍സ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നെടുമങ്ങാട് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഈ മാസം നാലാംതീയതി മുതല്‍ നെടുമങ്ങാട്ട് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സിപിഎംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാവിലെ നെടുമങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.ഡിവൈഎഫ്‌ഐ തിരുവനന്തപുരം

നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയര്‍ ആംബുലന്‍സ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാര്‍ഹവുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതികരിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സാണ് കത്തിച്ചത്. ഡിവൈഎഫ്‌ഐ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് അഭയവും ആശ്വാസവുമായ ആംബുലന്‍സ് സര്‍വീസിനെതിരെ നടന്ന ആക്രമണം എസ്ഡിപിഐയുടെ മാനവിക വിരുദ്ധമുഖമാണ് കാണിക്കുന്നത്.

ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും മതിപ്പുംകണ്ട് വിളറിപൂണ്ട വര്‍ഗീയ ഭീകരവാദ - വലതുപക്ഷ സംഘങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ഇത് തുടര്‍ന്നാല്‍ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഇത്തരം തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News