ആദ്യ കാണുന്നവനെ വെടിവെയ്ക്കാന്‍ നിര്‍ദേശം:ദൈവത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ കൊലപാതകമെന്ന് അന്‍മോല്‍ ശിവകുമാറിനോട് പറഞ്ഞു; വന്‍ വെളിപ്പെടുത്തലുമായി ബാബ സിദ്ദിഖിയുടെ കൊലപാതകി

Update: 2024-11-12 09:35 GMT

മുംബൈ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനുമായി താന്‍ ആശയവിനിമയം നടത്തിയിരുന്നു എന്ന് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം. 66-കാരനായ ബാബാ സിദ്ദിഖിയേയോ മകന്‍ സീഷനെയോ വധിക്കാന്‍ ശിവകുമാറിന് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ആദ്യ കാണുന്നവനെ വെടിവെയ്ക്കാനായിരുന്നു നിര്‍ദേശം. ദൈവത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ കൊലപാതകമെന്ന് അന്‍മോല്‍ ശിവകുമാറിനോട് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. കാനഡയിലുണ്ടെന്ന് കരുതപ്പെടുന്ന അന്‍മോല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കുറ്റവാളിയാണ്.

നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News