തിരുവണ്ണാമലയില്‍ കാഷായം ധരിച്ച് കറങ്ങിയത് നാല് കൊല്ലം; സിദ്ധനായി നടിച്ച് വീടുകളില്‍ പൂജയും നടത്തി; താടിയും മുടിയും നീട്ടി വളര്‍ത്തിയ പീഡകനെ ആലത്തൂര്‍ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെ; ചിറ്റലഞ്ചേരിക്കാരന്‍ ശിവകുമാര്‍ വീണ്ടും കുടുങ്ങി; 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്റെ കള്ളസ്വാമി വേഷം പൊളിയുമ്പോള്‍
തൃശൂര്‍: പോക്‌സോ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളസ്വാമിയായ ക്രിമിനലിനെ കുടുക്കിയത് രഹസ്യ സന്ദേശം. നാലുവര്‍ഷം കാഷായം ധരിച്ച് കള്ളസ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്സോ കേസ് പ്രതിയാണ് പിടിയിലായത്. ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറിനെയാണ് (51) ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്. നാലുവര്‍ഷംമുമ്പ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിന് ശേഷം കള്ളസ്വാമിയായി. ഇതിനിടെയാണ് പിടി വീണത്.
തമിഴ്നാട് തിരുവണ്ണാമലയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ക്കഴിയുകയും സിദ്ധനായിനടിച്ച് വീടുകളില്‍ പൂജകളും നടത്തി ജീവിക്കുകയായിരുന്നു. 2021-ലാണ് പോക്സോ കേസില്‍ പ്രതിയായത്. നിബന്ധനകളോടെ ജാമ്യംലഭിച്ചശേഷം മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതു കൊണ്ട് തന്നെ പോലീസിന് ഇയാളെ കണ്ടെത്തുക അസാധ്യമാകുകയും ചെയ്തു. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇയാളെ ഉടന്‍ പിടികൂടി ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആലത്തൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ആയിരുന്നു ഇത്. ഇതിനിടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടി.
ശിവകുമാറിനെ കണ്ടെത്താന്‍ ഡിവൈഎസ്പി എന്‍. മുരളീധരന്‍, ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു എസ് പി. ശാസ്ത്രീയമായ അന്വേഷണത്തിനിടെ പോലീസിന് ഇയാളെക്കുറിച്ച് നിര്‍ണായകവിവരം ലഭിച്ചു. തിരുവണ്ണാമല ക്ഷേത്രപരിസരത്ത് താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച് കഴിയുന്നത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2021-ലുള്ള രൂപവുമായി ഏറെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അടുത്ത ചില ബന്ധുക്കളുടെ സഹായത്തോടെ ഇയാള്‍ ശിവകുമാറാണെന്ന് ഉറപ്പിച്ചു.
തമിഴ്നാട് സേലംപോലീസ് ഇന്‍സ്പെക്ടര്‍ എ. ചന്ദ്രമോഹന്റെ സഹായത്തോടെ ആലത്തൂര്‍പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, സിപിഒമാരായ എം. മിഥുന്‍, ആര്‍. റിനു എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.