വീടിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതക സൂചന; പിതാവിനെ ആയുധം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത് മകന്‍; പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ അറസ്റ്റ്

പിതാവിനെ ആയുധം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത് മകന്‍

Update: 2025-05-18 12:51 GMT

കൊച്ചി: ഇടക്കൊച്ചിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതായി പൊലീസ്. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതക സൂചനയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. തുടര്‍ന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിച്ചു. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് മൊഴി നല്‍കി.

ജാണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു. പിതാവ് മരിച്ച വിവരം നാട്ടുകാരോട് ലൈജു തന്നെയാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയക്കുകയായിരുന്നു.

പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

ജോണിയും ലൈജുവും തമ്മില്‍ വെള്ളിയാഴ്ച രാത്രി വാക്കേറ്റമുണ്ടായതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. ജോണിയുടെ കരച്ചില്‍ കേട്ടുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വരുന്നത്. സംഭവം നടക്കുമ്പോള്‍ ജോണിയും ലൈജുവും മദ്യപിച്ചിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോള്‍ ലൈജു ജോണിയെ ആയുധമെടുത്ത് മര്‍ദ്ദിക്കുകയും അതെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

Similar News