സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യ
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി
ജയ്പുര്‍: കുറച്ചു ദിവസമായി സ്ത്രീധന പീഡന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. രാജസ്ഥാനിലെ അധ്യാപികയുടെയും കുഞ്ഞിന്റെയും ആത്മഹത്യ വിവാദമായി മാറുകയാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ജോധ്പൂര്‍ ജില്ലയിലെ ഡാങ്കിയാവാസ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍നാഡ ഗ്രാമത്തിലാണ് സംഭവം. മൂന്ന് വയസുകാരിയായ മകള്‍ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജു ബിഷ്‌ണോയി ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ സഞ്ജു പെട്രോള്‍ ഒഴിച്ച് ആദ്യം മകളെ തീകൊളുത്തി. തുടര്‍ന്ന് സ്വന്തം ശരീരത്തിലും തീ പടര്‍ത്തി. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചു. എന്നാല്‍ അപ്പോഴേക്കും മകള്‍ മരിച്ചിരുന്നു. പോലീസ് എത്തിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. സഞ്ജു ശനിയാഴ്ച മരണത്തിന് കീഴടങ്ങി. മൃതദേഹത്തെച്ചൊല്ലി സഞ്ജുവിന്റെ മാതാപിതാക്കളും ഭര്‍തൃവീട്ടുകാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്.
ജോധ്പൂര്‍ ജില്ലയിലെ ഫിറ്റ്കാസ്നി ഗ്രാമത്തില്‍ നിന്നുള്ള സഞ്ജുവിന്റെ മാതാപിതാക്കള്‍, മരുമകന്‍ ദിലീപ് ബിഷ്ണോയിയും അമ്മയും അച്ഛനും ചേര്‍ന്ന് മകളെ ഉപദ്രവിക്കുകയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഭര്‍ത്താവ്, അമ്മായിയമ്മ, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ യുവതി ആരോപിച്ചിട്ടുണ്ട്.
ഗണപത് സിംഗ് എന്നയാളുടെ പേരും എഫ്‌ഐആറിലുണ്ട്. ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.