കുടുംബ പ്രശ്നങ്ങളിൽ പെട്ട യുവതിയെ പീഡനത്തിന് ഇരയാക്കി; പോലീസ് കേസെടുത്തതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി പ്രതി മുങ്ങി; ഒടുവിൽ പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ലൈംഗികപീഡനക്കേസിൽ മാസങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയുകായിരുന്ന പ്രതി പിടിയിൽ. അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരൻ വീട്ടിൽ സോണി (40) പോലീസിന്റെ പിടിയിലായത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങളിൽ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാൾ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസ് എടുത്ത വിവരമറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് പ്രതിയുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി മുങ്ങിയത്.
ഇതിനാൽ ഇയാളെ കണ്ടുപിടിക്കാൻ പോലീസിന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വന്നു. ഒളിവിൽ പോയ പ്രതി കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു. കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് ഒരു നിർമാണ കമ്പനിയിൽ ഡ്രൈവർ ജോലിക്ക് കയറുകയും ചെയ്തു. പോലീസ് ഇയാളുടെ ബന്ധുക്കൾ അടക്കമുള്ളവരെ നിരീക്ഷിച്ച് രഹസ്യമായി നടത്തിവന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ കെ.വി. ഉമേഷ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.