ദേവമാതാ കാറ്ററിങ്‌സ് എന്ന പേരില്‍ പാര്‍ട്‌നര്‍ഷിപ്പില്‍ സ്ഥാപനം തുടങ്ങി; സാമ്പത്തിക ഇടപാടിനെ ചൊല്ലി അടിച്ചു പിരിഞ്ഞ അടുത്ത സുഹൃത്തുക്കള്‍; ബിജു ജോസഫ് പണം നല്‍കാതെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയത് ജോമോന്‍; തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള ശ്രമം കലാശിച്ചത് ബിജുവിന്റെ കൊലപാതകത്തില്‍; തൊടുപുഴയിലേത് ബിസിനസ് തര്‍ക്കം പകയായപ്പോള്‍ ഉണ്ടായ കൊലപാതകം

തൊടുപുഴയിലേത് ബിസിനസ് തര്‍ക്കം പകയായപ്പോള്‍ ഉണ്ടായ കൊലപാതകം

Update: 2025-03-22 09:54 GMT

തൊടുപുഴ: തൊടുപുഴയെ നടുക്കി കൊലപാതകം ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായത്. ചുങ്കത്തുനിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയതോടൊണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കലയന്താനി ചെത്തിമറ്റത്തെ ദേവമാതാ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവമാതാ കാറ്ററിങ്‌സ് ഉടമയായ ജോമോന്‍ എന്നയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. ബിജവുമായി നിലനിന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പ്രദേശത്തുള്ളവര്‍ക്കെല്ലാം അറിവുള്ളതായിരുന്നു.

ദേവാമാതാ എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം തുടങ്ങിയത് അന്ന് അടുത്ത സുഹൃത്തുക്കളായ ബിജുവും ജോമോനും ചേര്‍ന്നാണ്. എന്നാല്‍, തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ സ്ഥാപനം പിന്നീട് പ്രതിസന്ധി നേരിട്ടപ്പോള്‍ ബിജു ജോമോന് പണം നല്‍കാനുണ്ടായിരുന്നു. ഈ ചോദിച്ച് ജോമോന്‍ ബിജുവിനെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. ബിജുവുമായി ചേര്‍ന്നുനടത്തിയ ബിസിനസില്‍ നഷ്ടമുണ്ടായെന്ന് ജോമോന്‍ പലതവണ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോന്‍ പലരോടും പറഞ്ഞിരുന്നു.

ഒരുതവണ ബിജുവിന്റെ ഭാര്യയെ വിളിച്ച് ജോമോന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഇരുവരു തമ്മിലുള്ള തര്‍ക്കം പോലീസിലെത്തുകയും ചെയ്തു. ഉപ്പുതറ പോലീസ് സ്റ്റേഷനിലും തൊടുപുഴ ഡിവൈഎസ്പിക്കും ഇപ്പോഴത്തെ കേസിലെ പ്രതിയായ ജോമോന്‍ പരാതി നല്‍കിയിരുന്നു. ഈ തര്‍ക്കങ്ങള്‍ പോലീസ് സ്റ്റേഷനില്‍വെച്ച് തീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിനിടയും ബാക്കി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

ബിജുവില്‍ നിന്നും പണം നേടാന്‍ വേണ്ടിയാണ് ജോമോന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയത് എന്നാണ് സൂചന. വ്യാഴാഴ്ചയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ നാലുമണിക്ക് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. ബിജുവിന്റെ പതിവുകള്‍ അറിയാമായിരുന്നു ജോമോന്‍ ക്വട്ടേഷന് സംഘത്തെ കൃത്യമായി പുലര്‍ച്ചെ ഇയാള്‍ പുറത്തിറങ്ങുന്ന വിവരം അറിയിച്ചിരുന്നു. ഇത് പ്രകാരം വാഹനവുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിച്ചു. ഈ മര്‍ദനത്തിനിടെ കൊലപാതകം നടന്നു എന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ടതോട മൃതദേഹം മറവു ചെയ്യാന്‍ ശ്രമം തുടങ്ങി. കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നില്ലെന്നാണ് സൂചനയുണ്ടെങ്കിലും മറ്റു കാര്യങ്ങളിലെല്ലാം കൃത്യമായ ആസൂത്രമാണം വിഷയത്തില്‍ നടന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് പണം വാങ്ങുക എന്നതായിരുന്നു പദ്ധതി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്നാണ് സൂചന. ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ സംഭവത്തിലുണ്ട്. മൂന്നുപേരാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളത്. എറണാകുളം സ്വദേശി, എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി എന്നിവരടങ്ങുന്ന സംഘത്തിന് ജോമോന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നിലവില്‍ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്.

ഇവര്‍ നല്‍കിയ മൊഴി അനുസരിച്ചുള്ള അന്വേഷണത്തിലാണ് ബിജുവിന്റെ മൃതദേഹം കണ്ടത്തിയത്. ജോമോന്റെ ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹമിട്ട് സിമന്റു കൊണ്ട് അടച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കലയന്താനിയിലെ ഗോഡൌണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടര്‍ന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.

കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളി ജോമോനുായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News