കായംകുളത്ത് വന്‍ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്നും ട്രെയിനിലെത്തിയ യുവാക്കളില്‍ നിന്നും പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം: മൂന്നു പേര്‍ അറസ്റ്റില്‍

കായംകുളത്ത് വന്‍ കുഴല്‍പ്പണ വേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം

Update: 2024-10-17 00:12 GMT

കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ടയ ബെംഗളൂരുവില്‍ നിന്നും കായംകുളത്ത് ട്രെയിനിറങ്ങിയ കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി.കരുനാഗപ്പള്ളി കട്ടപ്പന മന്‍സിലില്‍ നസീം (42), പുലിയൂര്‍ റജീന മന്‍സിലില്‍ നിസാര്‍ (44), റിയാസ് മന്‍സിലില്‍ റമീസ് അഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 1,01,01,150 രൂപയുടെ കള്ളപ്പണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കായംകുളം ഡി വൈ എസ് പി എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കള്ളപ്പണം പിടികൂടിയത്. ഇവര്‍ ഇതിനു മുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ആദ്യമായാണ്.

മൂന്ന് പേരും വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്നവരാണ്. നാട്ടില്‍ വന്നതിന് ശേഷം ഒരു വര്‍ഷമായി മാസത്തില്‍ രണ്ടും മൂന്നും തവണ ബെം?ഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പോയി വന്‍തോതില്‍ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ പ്രിയ, ജയലക്ഷ്മി, ജിജാ ദേവി, സീനിയര്‍ സി പി ഒ അനൂപ്, സജീവ്, അഷറഫ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

Tags:    

Similar News