ഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ലൂവ്ര് മോഷണ കേസിലെ പ്രതികള്‍ പിടിയിലാകുന്നത് അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ; നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ

ഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-10-26 10:48 GMT

പാരിസ്: ഫ്രാന്‍സിനെ നാണം കെടുത്തിയ ലൂവ്ര് മ്യൂസിയം കവര്‍ച്ചയില്‍ ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. പാരിസിലെ ലൂവ്ര് മ്യൂസിയത്തില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളില്‍ ഒരാള്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാരിസ് -ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്.

വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കസ്റ്റഡിയിലാവുകയായിരുന്നു. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. പ്രതികള്‍ അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ലെ പാരീസിയനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പാരീസിലെ പ്രാന്തപ്രദേശമായ സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് പ്രതികള്‍. ഇരുവരും മറ്റു പല മോഷണക്കേസുകളിലും പ്രതികളാണ്.

കഴിഞ്ഞ ഞായറാഴ്ച, പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തില്‍ ലോകത്തെ ഞെട്ടിപ്പിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. പ്രതികള്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഭരണങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ വശത്തുള്ള റോഡില്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കള്‍ ബാല്‍ക്കണിയിലേക്കു കടക്കുകയായിരുന്നു. അവിടെനിന്ന് ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് നേരെ അപ്പോളോ ഗാലറിയിലേക്ക് കടന്നു.

ആംഗിള്‍ ഗ്രൈന്‍ഡറുകള്‍ ഉപയോഗിച്ച് ഡിസ്‌പ്ലേ കേസുകള്‍ തകര്‍ത്താണ് ഒരു മാലയും ബ്രൂച്ചും ഉള്‍പ്പെടെ ഒന്‍പത് ആഭരണങ്ങള്‍ മോഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ ഒരു ആഭരണം വഴിയില്‍ നഷ്ടമാകുകയും ചെയ്തു. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്‌പ്ലേ ബോര്‍ഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാര്‍ഡുമാര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നുകളഞ്ഞിരുന്നു. ഏഴു മിനിറ്റിനിടെ ആയിരുന്നു വമ്പന്‍ കവര്‍ച്ച.

Tags:    

Similar News