കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
അഫാന്‍ ഫര്‍സാനയെ വകവരുത്തിയത് പക മൂലമെന്ന് പുതിയ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ ഒറ്റദിവസം കൊലപ്പെടുത്തിയ പ്രതി അഫാന്‍ തന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയെ വകവരുത്തിയത് പ്രണയാധിക്യത്തിലല്ല, മറിച്ച് പക മൂലമെന്ന് പുതിയ മൊഴി. നേരത്ത, തനിക്ക് ഫര്‍സാനയോട് കടുത്ത പ്രണയം ആയിരുന്നുവെന്നും, അവള്‍ ഒറ്റപ്പെടുമെന്ന കാരണത്താലാണ് കൊലപ്പെടുത്തിയതെന്നും ആയിരുന്നു മൊഴി നല്‍കിയത്. താന്‍ നാലു പേരെ കൊന്ന വിവരം ഫര്‍സാനയെ അറിയിച്ചിരുന്നുവെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
ഫര്‍സാന പണയം വയ്ക്കാന്‍ മാല നല്‍കിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി അത് തിരികെ ചോദിച്ചതാണ് പകയ്ക്ക് കാരണമെന്നും അഫാന്‍ പറഞ്ഞു. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല ഉടന്‍ തിരികെ നല്‍കാന്‍ ഫര്‍സാന അഫാന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് ഫര്‍സാനയുടെ ദേഷ്യം കൂടാന്‍ കാരണമായി. തെളിവെടുപ്പ് വേളയിലാണ് അഫാന്‍ മാലയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറയുന്നത്. അബ്ദുള്‍ റഹീമിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.
കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ദിവസം പ്ലാനിങ്ങോടെ ഫര്‍സാനയെയും അഫാന്‍ വീട്ടിലെത്തിക്കുകയായിരുന്നു. മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിനിടയില്‍ ആരെങ്കിലും വീട്ടിലേക്ക് വന്നാല്‍ അവരെ ആക്രമിക്കാനായി തൊട്ടടുത്ത കടയില്‍ നിന്ന് മുളകുപൊടിയും അഫാന്‍ വാങ്ങി വച്ചിരുന്നു. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൊലപാതകദിവസം ആദ്യം താന്‍ ആക്രമിച്ചത് മാതാവ് ഷെമിയായിരുന്നുവെന്ന് അഫാന്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ഉമ്മൂമ്മ സല്‍മാബീവിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തി. പിന്നാലെ, ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലേക്ക് കയറാന്‍ കതകുതുറക്കാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ കണ്ടില്ല. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള മതില്‍ ചാടിക്കടന്നാണ് ഇവര്‍ വീട്ടില്‍ പ്രവേശിച്ചത്.
വീട്ടില്‍വെച്ച് കൊലപാതകവിവരം ഫര്‍സാനയോട് പറഞ്ഞു. ഇത് കേട്ട് ഫര്‍സാന കരഞ്ഞുകൊണ്ടിരിക്കെയാണ് അഫാന്‍ അവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഴിമന്തി വാങ്ങാനായി സഹോദരനെ കടയിലേക്കയച്ചു. തിരിച്ചുവന്ന സഹോദരനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞശേഷം അവനേയും ആക്രമിച്ചു. സഹോദരന്‍ അഫ്സാന്‍ പിടഞ്ഞുമരിക്കുന്നത് കണ്ടുകൊണ്ടിരിക്കെ അഫാന്റെ ബോധംപോയി.
സാമ്പത്തികമായി സഹായിക്കാത്തതും ഫര്‍സാനയുമായുള്ള ബന്ധത്തെ എതിര്‍ത്തതുമായിരുന്നു പിതൃസഹോദരന്‍ ലത്തീഫിനോടുള്ള വൈരാഗ്യം. സാമ്പത്തികപ്രശ്നങ്ങള്‍ക്കിടെ വിവാഹവുമായി മുന്നോട്ടുപോകുന്നതിനെയായിരുന്നു ലത്തീഫ് എതിര്‍ത്തത്. ഇത് പലപ്പോഴായി അഫാനെ അറിയിച്ചിരുന്നു.