'പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല; ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും; ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു'; വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിനെ വെട്ടിലാക്കുന്നത്

പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല;

Update: 2025-07-11 08:48 GMT

കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍തൃപീഡനമെന്ന് പരാതിയെ സാധൂകരിക്കുന്ന വിധത്തലാണ് ആത്മഹത്യാ കുറിപ്പും. വീട്ടുകാരോടായി എഴുതിയ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട പീഡനത്തെ കുറിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയെയും മകള്‍ വൈഭവിയെയുമാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിക്കുന്നത്. അതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം.

ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ വലിയ ആരോപണമാണ് ഉയരുന്നത്. തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും പട്ടിയെപോലെ തല്ലിയിട്ടുണ്ടെന്നും ആഹാരം തന്നില്ലെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

'ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഭര്‍ത്താവ് നിതീഷിന്റെ അച്ഛന്‍ എന്നോട് മോശമായി പെരുമാറിയെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. എല്ലാവര്‍ക്കും എല്ലാമറിയാം..ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി'-ആത്മഹത്യാ കുരിപ്പില്‍ പറയുന്നു.

'എന്റെ കുഞ്ഞിന്റെ സ്വര്‍ണം കൈക്കലാക്കിയെന്നും ആരോപണമാണ്. എന്റെ സ്വര്‍ണം കൈക്കലാക്കാന്‍ സാധിച്ചില്ല. പണം കൈക്കലാക്കാന്‍ സാധിച്ചില്ല. അതിന് എന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. പണമില്ലാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്'.. മരിക്കാന്‍ ഒരാഗ്രഹവുമില്ല, എന്റെ കുഞ്ഞിന്റെ മുഖവും ചിരിയും കണ്ട കൊതി തീര്‍ന്നിട്ടില്ലെന്നും വിപഞ്ചികയുടെ കത്തിലുണ്ട്.

'ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരി നീതുവുമാണ് ഒന്നാം പ്രതികളെന്നും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹന്‍ ആണെന്നും ഒരിക്കലും ഈ കൊലയാളികളെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭര്‍ത്താവിന്റെ സഹോദരി എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്തതിനപ്പുറമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി വയ്യ. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ടു പോലും അയാളവിടെ ഇല്ല.അവരെ വെറുതെ വിടരുത്'. അവര്‍ക്ക് ഞാന്‍ മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ക്കണമെന്നും വിപഞ്ചിക എഴുതിയ കത്തില്‍ പറയുന്നു.

'ഇരുന്ന് ഇരുന്ന് കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ട് വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടിലാണ്. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ്.മൂന്നുപേരും വല്ലാത്ത ടോര്‍ച്ചറിങ്ങാണ്.സഹിക്കുക തന്നെ..അല്ലാതെ എന്താണ് ചെയ്യുക. ഏഴുമാസത്തിന് ശേഷമാണ് എന്റെ കൂടെ കിടന്നത്. മദ്യപിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്നും പിറ്റേ ദിവസം പറഞ്ഞു. അത്രക്കും തരം താഴ്ന്നു പോയി'..വിപഞ്ചിക പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.

ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി കുറിപ്പില്‍ വിപഞ്ചിക പറയുന്നു. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചുവെന്നും കത്തില്‍ പറയുന്നു.

കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവളുടെ പേരും പറഞ്ഞ് എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല വിപഞ്ചിക കുറിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കിയത്.. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.ഇത് സംബന്ധിച്ച് എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് വിപഞ്ചികയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും ബന്ധുക്കള്‍ ആലോചിക്കുന്നുണ്ട്.

Tags:    

Similar News