ജോലി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒപ്പം കാമുകന്‍; അവിഹിത ബന്ധം പുറത്തുപറയുമെന്ന ഭയം; ഉറങ്ങുന്നതിനിടെ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; മുംബൈയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒടുവില്‍ വഴിത്തിരിവ്
മുംബൈയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒടുവില്‍ വഴിത്തിരിവ്
മുംബൈ: മുംബൈയിലെ നലാസോപാരയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്. രാത്രി ഉറങ്ങി കിടക്കുന്നതിനിടെ യുവാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ചമന്‍ എന്ന് വിളിക്കുന്ന 28 കാരി ഗുഡിയ ദേവിയാണ് ഭര്‍ത്താവ് വിജയ് ചൗഹാനെ (34) കൊലപ്പെടുത്തിയത്. കാമുകനായ മോനുവിനൊപ്പം ചേര്‍ന്ന് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ മുറിയിലെ ടൈല്‍സിന്റെ കളര്‍ വ്യത്യാസം കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ജൂലായ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വ്യത്യസ്ത കളറിലെ ടൈലുകള്‍ നീക്കിയതോടെ കുഴിയില്‍ നിന്നും വസ്ത്രവും ദുര്‍ഗന്ധവും വന്നു. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂര്‍ണമായും കുഴിച്ച് പരിശോധിച്ചതോടെ ടൈലിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഭാര്യ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള കാരണം അവിഹിത ബന്ധം കണ്ടെത്തിയതിനാലാണെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചമന്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെ പൂനെയിലെ ഹദപ്സറിലുണ്ടെന്ന് ഉറപ്പിച്ച പൊലീസ് ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വാസി കോടതിയില്‍ ഹാജാരാക്കിയ ഇരുവരെയും ജൂലൈ 30 വരെ റിമാന്‍ഡ് ചെയ്തു.
ഒന്നര വര്‍ഷത്തോളമായി മോനുവും ചമനും പ്രണയത്തിലായിരുന്നു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിജയ് ഭാര്യയെയും അയല്‍വാസിയായ കാമുകനെയും വീട്ടിനുള്ളില്‍ കണ്ടു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാത്രിയില്‍ വിജയ് ചമനെ ആക്രമിക്കുകയും ചെയ്തു. അവിഹിത വിവരം പുറത്താകുമെന്ന പേടിയിലാണ് ചമന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം വീട്ടിലുള്ള മകളുടെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ മൃതദേഹം കവറില്‍ പതിഞ്ഞ് കട്ടിലിന് അടിയില്‍ മറച്ചുവെയ്ക്കുകയായിരുന്നു.
പിന്നീട് ചമനും മോനുവും ചേര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പൈപ്പിനായി വീട്ടിലെ ടൈല്‍ ഇളക്കി മാറ്റിയെന്ന് പറഞ്ഞ് മുറിയില്‍ പുതിയ ടൈല്‍ പാകാന്‍ വിജയ്‌യുടെ സഹോദരന്‍ അജയ് ചൗഹാനെയാണ് പ്രതികള്‍ സമീപിച്ചത്. ദിവസങ്ങളായി സഹോദരനെ കാണാതായതോടെ വിജയ്‌യുടെ മറ്റൊരു സഹോദരന്‍ അഖിലേഷ് അന്വേഷിച്ചെത്തിയതോടെ ചമന്‍ മുങ്ങുകയായിരുന്നു.