എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ വീട്ടമ്മയുടെ പീഡന പരാതി; 10 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം
സുജിത് ദാസിന് എതിരായ പീഡന പരാതിയില്‍ 10 ദിവസത്തിനകം തീരുമാനം വേണം
കൊച്ചി: എസ്പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വീട്ടമ്മയുടെ പരാതിയില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം. വീട്ടമ്മ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നടപടി. പീഡന ആരോപണത്തില്‍ മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ വീട്ടമ്മയുടെ ആക്ഷേപം.
എസ്പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാല്‍സംഗ പരാതി കളളമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല, പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
മുന്‍ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവര്‍ക്കെതിരെയാണ് ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയത്. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്നാണ് ആരോപണം. സംഭവം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അങ്കിളാണെന്ന് പറഞ്ഞു. പിന്നീട് വീണ്ടും പീഡിപ്പിച്ചു. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൂടി കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. പരാതികേള്‍ക്കാന്‍ വീട്ടില്‍ വന്ന വിനോദ് വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതിനെതിരെ പരാതിയുമായി താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കണ്ടു. ബെന്നി കടന്നുപിടിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്കെതിരേയും പരാതി നല്‍കാന്‍ എസ്.പിയായിരുന്ന സുജിത് ദാസിനെ ബന്ധപ്പെട്ടു. സുജിത് ദാസ് ആഡംബരകാറിലെത്തി ചങ്കുവെട്ടിയിലെ ഒരുവീട്ടിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.