അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടുകളില്‍; യാത്രാ തിരക്ക് കൂടിയിട്ടും കേരളത്തിന് ഒരു വണ്ടി പോലും ഇല്ല
അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടുകളില്‍; യാത്രാ തിരക്ക് കൂടിയിട്ടും കേരളത്തിന് ഒരു വണ്ടി പോലും ഇല്ല
ചെന്നൈ: അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടില്‍ ഓടിക്കാന്‍ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍നിന്ന് വന്‍തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളൊന്നും പരിഗണിച്ചില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാര്‍ക്കും വന്ദേഭാരതിനെക്കാള്‍ പ്രയോജനപ്പെടുമായിരുന്നു.
വടക്കേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളും ബെംഗളൂരു, തമിഴ്‌നാട്ടിലെ താംബരം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീര്‍ഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്. 22 കോച്ചുള്ള അമൃത് ഭാരത് തീവണ്ടിയില്‍ 12 സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുണ്ടാകുക. മുന്നിലും പിന്നിലുമായി എന്‍ജിന്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.
തീവണ്ടിയുടെ ശരാശരിവേഗം മണിക്കൂറില്‍ 68 മുതല്‍ 81 കിലോമീറ്ററാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതും അമൃത് ഭാരത് വണ്ടികളാവും. നിലവില്‍ രണ്ട് അമൃത് ഭാരത് തീവണ്ടികളാണ് സര്‍വീസ് നടത്തുന്നത്. ദര്‍ഭംഗ-അയോധ്യ-ഡല്‍ഹി ദ്വൈവാര എക്സ്പ്രസും, മാള്‍ഡ-ബെംഗളൂരു പ്രതിവാര എക്സ്പ്രസും.