രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 20കാരന് ദാരുണാന്ത്യം; മരിച്ചത് വൈത്തിരിക്കാരൻ മുഹമ്മദ് ഷിഫാൻ
തിരുവല്ല: പത്തനംതിട്ട രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പക്ഷാഘാതം സംഭവിച്ച രോഗിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ് ഷിഫാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.
അപകടത്തെത്തുടർന്ന് ഉടൻതന്നെ മറ്റ് രണ്ട് ആംബുലൻസുകൾ സ്ഥലത്തെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിഫാനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ, തലയ്ക്കും വയറിനും ഏറ്റ ഗുരുതരമായ പരിക്കുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട രോഗിയെ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.