അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണ മേഖലയിൽ അപകടം; കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണു; കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു; ഒഴിവായത് വൻ അപകടം

Update: 2024-11-26 08:16 GMT

അരൂർ: കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ് അപകടം. അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണ മേഖലയിലാണ് അപകടമുണ്ടായത്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി വീണത്. പാലത്തിന് മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്.

എരമല്ലൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് തൊഴിലാളികളുടെ രീതി.

എന്നാൽ മുകളിൽ നെറ്റിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പാളിയിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അവ താഴേക്ക് വീണത്. മേഖലയിൽ രാത്രികാലങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടും പോലീസ് നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്.

കാറിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. കോൺക്രീറ്റ് പാളി വീണ് കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ യുവാവ് അരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കാറിനുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി യുവാവിനെ അറിയിച്ചു.

Tags:    

Similar News