കൃഷി വകുപ്പില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്; ജോലി വിട്ട് ഏഴുമാസമായിട്ടും പ്രതിഫലം നല്‍കാതെ സര്‍ക്കാര്‍

കൃഷി വകുപ്പില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ്; ജോലി വിട്ട് ഏഴുമാസമായിട്ടും പ്രതിഫലം നല്‍കാതെ സര്‍ക്കാര്‍

Update: 2024-10-17 02:44 GMT

എടപ്പാള്‍: കൃഷിവകുപ്പില്‍ ആറുമാസം ഇന്റേണ്‍ഷിപ്പ് ചെയ്തു പിരിഞ്ഞ് ഏഴുമാസമായിട്ടും പ്രതിഫലം പൂര്‍ണമായി നല്‍കാതെ സര്‍ക്കാര്‍. കൃഷി ഓഫീസുകളില്‍ 'സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍-ഇന്റേണ്‍ഷിപ്പ്' പദ്ധതി പ്രകാരം ജോലിക്ക് കയറിയവര്‍ക്കാണ് ഇനിയും പണം ലഭിക്കാനുള്ളത്. 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പെന്‍ഡോടെയാണ് ഇന്റേണുകളെ നിയമിച്ചത്.

2023-ലെ ഇന്റേണുകള്‍ ജോലി പൂര്‍ത്തിയാക്കി പിരിഞ്ഞിട്ട് ഇപ്പോള്‍ ഏഴുമാസം കഴിഞ്ഞു. പുതിയവര്‍ക്ക് നിയമനം നല്‍കിയിട്ടും പിരിഞ്ഞുപോയവര്‍ക്ക് പണം കൊടുത്തില്ല. സംസ്ഥാനത്തെ ആയിരത്തില്‍പ്പരം കൃഷി ഓഫീസുകളില്‍ ഭൂരിഭാഗത്തിലും ഇതുപോലെ നിയമനങ്ങള്‍ നടന്നിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 2023 സെപ്റ്റംബറില്‍ 57 പേരെ നിയമിച്ചു. ആറുമാസത്തേയ്ക്കു നിയമിച്ച ഇവര്‍ക്ക് ആദ്യ മൂന്നുമാസം സ്‌റ്റൈപ്പെന്‍ഡ് നല്‍കി. പിന്നീടുള്ള മൂന്നുമാസം നല്‍കിയില്ല.

പലരും ദൂരസ്ഥലങ്ങളില്‍നിന്ന് വലിയ തുക ബസ് ചാര്‍ജ് നല്‍കിയാണ് ജോലിക്കെത്തിയിരുന്നത്. കൈയില്‍നിന്ന് ചെലവഴിച്ച പണംവരെ നഷ്ടമായ അവസ്ഥയിലാണ് ഇവരിപ്പോള്‍. ഇപ്പോള്‍ ഈ വര്‍ഷത്തെ നിയമനവും നടന്നെങ്കിലും ആദ്യനിയമനക്കാര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ മാത്രം തീരുമാനമായില്ല. പലവട്ടം ഇവര്‍ അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.

Tags:    

Similar News