അന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും; തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും നിയുക്ത ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്‍

അന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും

Update: 2025-11-05 10:49 GMT

തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിക്ക് ആശംസകളുമായി തിരുവനന്തപുരം മേയര്‍ എസ് ആര്യാ രാജേന്ദ്രന്‍. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും തെളിവാണ് മംദാനിയുടെ വിജയമെന്നാണ് ആര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും മംദാനിയെ ക്ഷണിക്കുന്നുവെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 2020ല്‍ ആര്യാ രാജേന്ദ്രന്‍ ചുമതലയേല്‍ക്കുമ്പോള്‍ മംദാനി സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എങ്ങെനെയുള്ള മേയറിനെയാണ് ന്യൂയോര്‍ക്കിന് ആവശ്യം എന്ന് ചോദിച്ചുകൊണ്ടായിരുന്നു അന്ന് മംദാനിയുടെ ട്വീറ്റ്.

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യര്‍ - അവര്‍ കേരളത്തിലാവട്ടെ ന്യൂയോര്‍ക്കിലാകട്ടെ - ജനങ്ങളെ മുന്‍നിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേര്‍ചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങള്‍ താങ്കളെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. അഭിനന്ദനങ്ങള്‍! ഐക്യദാര്‍ഢ്യം!

ഉജ്വല വിജയത്തോടെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ - അമേരിക്കന്‍ വംശജനായ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 35കാരനായ സൊഹ്റാന്‍ മംദാനി. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഇസ്രയേല്‍ പ്രാധനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമര്‍ശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന മംദാനിയെ 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയില്‍ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും സൊഹ്‌റാന്‍.

Tags:    

Similar News