ലോൺ പുതുക്കാൻ വിസമ്മതിച്ചു; കരാറിൽ ഒപ്പിടാൻ ഭീക്ഷണി; വീട്ടിൽ കയറി കളക്‌ഷൻ മാനേജരുടെ അക്രമം; ജനൽ ചില്ല് അടിച്ച് തകർത്തു; ആക്രമത്തിൽ വയോധികർക്ക് പരിക്ക്; സംഭവം കോഴിക്കോട്
കോഴിക്കോട്: ലോൺ പുതുക്കാനുള്ള ആവശ്യം നിരസിച്ച കുടുംബത്തിനെതിരെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരുടെ ക്രൂരത. ഡോക്ടറായ സാജിദ് എന്ന വ്യക്തിയുടെ മാതാപിതാക്കളെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരായ ഹർഷൻ വീട് കയറി ആക്രമിച്ചു എന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് 5 മണിക്കാണ് സാജിദിന്റെ മാതാപിതാക്കൾക്കെതിരെ ക്രൂരതയുണ്ടായത്. കൊണ്ടോട്ടി സ്വദേശി റിട്ടയേർഡ് അധ്യാപകൻ കുട്ടൻ മാസ്റ്റർ ( 77 ), ഭാര്യ പദ്‌മിനി ( 61 ) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇവരെ ഫെറോക്കിലെ ക്രെസെന്റ് ആശുപത്രയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
2021 ലാണ് സാജിദ് പത്ത് ലക്ഷം രൂപയുടെ ഫ്ലെക്സി ലോൺ എടുക്കുന്നത്. മാസ അടവായ 11,686 രൂപ ഇതുവരെ മുടങ്ങിയിട്ടില്ലെന്നും സാജിദ് പറയുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസകാലമായി ലോൺ പുതുക്കണം എന്ന ആവശ്യവുമായി ഫിനാൻസിൽ നിന്നും ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നതായാണ് ആരോപണം. ലോൺ പുതുക്കിയാൽ മാസ അടവ് തുക കൂടുമെന്നതിനാൽ പല തവണ ഫിനാൻസിന്റെ ആവശ്യം സാജിദ് നിരസിച്ചു. എന്നാൽ ഈ കാര്യവും പറഞ്ഞ് സാജിദിനെ നിരന്തരമായി ഏജന്റുമാർ ബുദ്ധിമുട്ടിച്ചതായും ആക്ഷേപമുണ്ട്. ലോൺ പുനഃക്രമീകരിക്കുന്നതിനായി കരാർ ഒപ്പിടാൻ സാജിദിനെ ഭീക്സണിപ്പെടുത്തുകയായിരുന്നു.
ലോൺ പുതിക്കിയാൽ മാസ അടവ് ഇപ്പോൾ അടക്കുന്ന തുകയേക്കാൾ കൂടുതൽ അടക്കേണ്ടി വരുമെന്നതിനാൽ സാജിദ് കരാറിൽ ഒപ്പിടാൻ വിസ്സമ്മതിക്കുകയുമായിരുന്നു. മാത്രമല്ല ലോൺ പുനഃക്രമീകരിച്ചാൽ അടക്കേണ്ടി വരുന്ന തുക പലിശ ഇനത്തിൽ മാത്രമേ വരവ് വെക്കുകയുള്ളൂ. എന്നാൽ കരാറിൽ ഒപ്പിടാൻ സാജിദ് വിസമ്മതിച്ചതോടെ ഏരിയ കളക്ഷൻ മാനേജർ ഹർഷൻ ഭീക്ഷണിയുമായി രംഗത്തെത്തുകയായിരുന്നു. കരാറിൽ ഒപ്പിട്ടില്ലെങ്കിൽ നിരന്തരം വീട്ടിൽ കയറി ബുദ്ധിമുട്ടിക്കുമെന്നായിരുന്നു ഭീക്ഷണി. സാജിദ് വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് ഹർഷൻ വീട്ടിൽ കയറി അക്രമം അഴിച്ചു വിട്ടത്.
ഇന്നലെ വൈകിട്ടോടെ ഹർഷൻ വീട്ടിൽ കയറി സാജിദിന്റെ വയോധികരായ അമ്മയെയും അച്ഛനെയും ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വീടിന്റെ ജനൽ ചില്ല് അടിച്ച് തകർക്കുകയും ചെയ്തിട്ട് ഒപ്പിട്ട് തന്നില്ലെങ്കിൽ നിങ്ങളുടെ തന്നെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും സാജിദ് ആരോപിക്കുന്നു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് വീട്ടിൽ നടക്കുന്ന അക്രമത്തെ പറ്റി സാജിദിനെ വിവരം അറിയിക്കുന്നത്. ശേഷം സാജിദ് എത്തി മാതാപിതാക്കളെ ഫറോക്കിലുള്ള ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും ചികിത്സയിലാണ്.