മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തി; 'പോറ്റിയെ കേറ്റിയെ' എന്ന ഗാനത്തിനെതിരെ പരാതി

Update: 2025-12-16 11:05 GMT

റാന്നി: അയ്യപ്പ ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി പാരഡി ഗാനം നിര്‍മ്മിച്ചെന്ന് ആരോപണം. 'പോറ്റിയെ കേറ്റിയെ' എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നല്‍കി.

മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് സമിതി ആരോപിച്ചു.

അയ്യപ്പ സ്വാമിയെയും ശരണം വിളികളെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വലിച്ചിഴയ്ക്കുന്നത് ഭക്തര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു.

ഭക്തിഗാനത്തെ വികലമായി ചിത്രീകരിക്കുന്നത് വിശ്വാസികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ ലാഭത്തിനായി അയ്യപ്പന്റെ നാമം ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പ വിശ്വാസികളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ലെന്നും സമിതി അറിയിച്ചു. വിഷയത്തില്‍ ഡിജിപിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Similar News