വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിന് 'പണി' സിനിമ മോഡല്‍ ഗുണ്ടായിസം; വീട് അടിച്ചു തകര്‍ക്കുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്ത പ്രതികളില്‍ ഒന്ന് പിടിയില്‍
വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിന് 'പണി' സിനിമ മോഡല്‍ ഗുണ്ടായിസം
പത്തനംതിട്ട: വീടിനു മുന്നിലെ മദ്യപാനവും അസഭ്യ വര്‍ഷവും ചോദ്യം ചെയ്തതിന് പണി സിനിമയിലേത് പോലെ വീടു കയറി ഗുണ്ടാ ആക്രമണം നടത്തിയ മദ്യപ സംഘത്തില്‍ ഒരാളെ പോലീസ് പിടികൂടി. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി മൂഴിക്കല്‍ തേരകത്ത് വീട്ടില്‍ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്.
വള്ളിക്കോട് പി.ഡി.യു.പി സ്‌കൂളിന് സമീപം കൃഷ്ണകൃപയില്‍ ബിജു (54) വിന്റെ വീടിനു മുന്‍വശം കഴിഞ്ഞ എട്ടിന് രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികള്‍ വീട്ടില്‍ ആക്രമണം നടത്തിയത്.
വാതില്‍ പുറത്തുനിന്നും പൂട്ടിയ ശേഷമായിരുന്നു ആക്രമണം. മദ്യപാനവും അസഭ്യവര്‍ഷവും ചോദ്യം ചെയ്തപ്പോള്‍ ബിജുവുമായി സംസാരവും പിടിവലിയുമുണ്ടായി. ഭാര്യ, മകന്‍ എന്നിവരെയും കൈയേറ്റം ചെയ്തു.
ബിജുവിനെയും കുടുംബാംഗങ്ങളെയും അസഭ്യം വിളിച്ച ഒന്നാം പ്രതി വിമല്‍, 17 വയസ്സുള്ള മകന്‍ ഗൗതമിന്റെ കവിളത്ത് അടിക്കുകയും ബിജുവിന്റെ ഭാര്യ രാജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ചെടിച്ചട്ടിയെടുത്ത് പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്നിലെ ചില്ലും വീടിന്റെ മൂന്ന് ജനാലകളുടെ ചില്ലും തകര്‍ത്തു. കുഴവി അടുക്കള വാതിലില്‍ എറിഞ്ഞു. അടുക്കള ഭാഗത്തെ സ്റ്റെപ്പിന്റെ ടൈല്‍സ് പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ആക്രമണത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മൊഴിയില്‍ പറയുന്നു.
വിവരമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബിജു, ഭാര്യ രാജി, മകന്‍ ഗൗതം എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്രതികള്‍ക്കായി തെരച്ചില്‍ പോലീസ് വ്യാപിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെ അഭിജിത്തിനെ വീടിന് സമീപത്തു നിന്നും എസ്.ഐ കെ.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ചന്ദനപ്പള്ളി സ്വദേശിയായ ഒന്നാം പ്രതി വിമല്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. അഭിജിത്തിനെ കോടതിയില്‍ ഹാജരാക്കി.