സുഹൃത്തുക്കള്‍ തമ്മിലെ വാക്കൂതര്‍ക്കം കൈവിട്ടുപോയി; ഒരാള്‍ മറ്റൊരാളെ വാഹനം ഇടിച്ചു കൊന്നു; ഒന്നിലധികം തവണ വാഹനം കയറ്റി ഇറക്കി മരണം ഉറപ്പിച്ചു; പ്രതിയായ അസം സ്വദേശി പിടിയില്‍

അസം സ്വദേശി വാഹനം ഇടിച്ചുകയറ്റി സുഹൃത്തിനെ കൊന്നു

Update: 2025-03-20 18:20 GMT

മലപ്പുറം: അസം സ്വദേശികളായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ മറ്റൊരാളെ വാഹനം ഇടിച്ചു കൊന്നു. അസം നാഗൗണ്‍ ജൂരിര്‍പാര്‍ സ്വദേശി അഹദുല്‍ ഇസ് ലാം (30)ആണ് കൊല്ലപ്പെട്ടത്. നാട്ടുകാരനായ ഗുര്‍ജാര്‍ ഹുസൈന്‍ ( 33) ആണ് കൊല നടത്തിയത്.

ബുധനാഴ്ച രാത്രി 11 മണിയോടെ കിഴിശ്ശേരി അങ്ങാടിക്ക് അല്‍പം അകലെ മഞ്ചേരി റോഡിലാണ് കൃത്യം നടന്നത്. മരിച്ച അഹദുല്‍ ഇസ് ലാമും ഹുസൈനും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടയില്‍ ഹുസൈന്‍ അഹദുല്‍ ഇസ് ലാമിനെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിലത്ത് വീണ അഹദുല്‍ ഇസ്ലാമിന്റെ ശരീരത്തിലൂടെ ഒന്നിലധികം തവണ വാഹനം കയറ്റി ഇറക്കി മരണം ഉറപ്പിക്കുകയായിരുന്നു.

കൃത്യം ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഓട്ടോയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഹുസൈനെ കൊണ്ടോട്ടി പോലീസ് പിന്തുടര്‍ന്ന് അരീക്കോട് വാവൂരില്‍ വച്ച് വാഹനം വിലങ്ങിട്ട് പിടികൂടുകയായിരുന്നു. രണ്ടുപേരും കുടുംബസമേതം കിഴിശ്ശേരിയില്‍ താമസിച്ചു വരുന്നവരാണ്.

മരിച്ച അഹദുല്‍ ഇസ് ലാം കിഴിശ്ശേരി ആലിന്‍ ചുവട്ടിലും പ്രതി ഹുസൈന്‍ നീരുട്ടിക്കലുമാണ് താമസിക്കുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. മരിച്ച അഹദുല്‍ ഇസ് ലാം . അരീക്കോട് പൂങ്കൊടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയാണ് പ്രതി ഹുസൈന്‍. മത്സ്യഏജന്റിന്റെ വാഹനം ഉപയോഗിച്ച് മത്സ്യ വില്‍പന നടത്തി വരുന്നയാളാണ് ഹുസൈന്‍. പ്രതിയെ മലപ്പുറം കോടതിയില്‍ കോടതി റിമാന്‍ഡ് ചെയ്തു.

കൊണ്ടോട്ടി ഡിവൈ എസ് പി പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍, എ എസ് ഐ ശശികുമാര്‍, എസ് സി പി ഒ ഫിറോസ് ഖാന്‍ ,സി പി ഒ മാരായ സനൂപ് , മഹബൂബ് അമാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Tags:    

Similar News