വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിരോധം; ഓട്ടോ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സംഘട്ടനം; തലയ്ക്ക് അടിയേറ്റ യുവാവ് വെന്റിലേറ്ററില്‍; അഞ്ചു പ്രതികള്‍ അറസ്റ്റില്‍
യുവാവിനെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കോഴഞ്ചേരി: വര്‍ഷങ്ങളായി തുടരുന്ന വിരോധം മൂലം യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ചുപേരെ ആറന്മുള പോലീസ് പിടികൂടി.ഇടശ്ശേരിമല അഖില്‍ (32), മേലെ വലക്കടവില്‍ വീട്ടില്‍ പൈങ്കിളി എന്ന നിഖില്‍ ശശി(33), പാപ്പാട്ട് തറയില്‍ വീട്ടില്‍ മനോജ്(53), പ്രസാദ്(59), അഭിലയം വീട്ടില്‍ അഭിഷേക്,(29) എന്നിവരാണ് അറസ്റ്റിലായത്. ഇടശ്ശേരിമല പാപ്പാട്ട് തറയില്‍ വീട്ടില്‍ അനൂപ്, മകന്‍ അതുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
19 ന് രാത്രി 11.30 ന് കുളമാപ്പുഴിയിലാണ് സംഭവം. രണ്ടാം പ്രതി നിധില്‍ ശശിയുടെ വീട്ടുകാരുമായി വിരോധത്തില്‍ കഴിഞ്ഞു വരികയാണ് അനൂപിന്റെ കുടുംബം. ഓട്ടോറിക്ഷയുടെ ഹോണ്‍ മുഴക്കിയതിനെ ചൊല്ലി അനൂപുമായി പ്രതികള്‍ തര്‍ക്കം ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. അതുലിന്റെ മൊഴിയനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നും മൂന്നും പ്രതികള്‍ കമ്പു കൊണ്ടും രണ്ടാംപ്രതി കമ്പിവടി കൊണ്ടും അതുലിന്റെ തലയിലും കയ്യിലും മറ്റും അടിക്കുകയും, തടയാന്‍ ശ്രമിച്ച അനുപിന്റെ തലയ്ക്ക് നാലാം പ്രതി കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. തലയ്ക്ക് ഉള്ളില്‍ രക്തസ്രാവമുണ്ടായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അനൂപ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.