വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; ആള്‍മാറാട്ടം നടത്തി പണവുമായി മുങ്ങിയ പ്രതിയെ സാഹസികമായി പിടികൂടി പുത്തന്‍കുരിശ് പൊലീസ്
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ഓടക്കാലി മറ്റപ്പിള്ളി വീട്ടില്‍ സുഭാഷ് എം.വര്‍ഗീസ് (48) ആണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.
2024 ഓഗസ്റ്റ് മുതല്‍ 2025 ഏപ്രില്‍ മാസം വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലന്‍ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് . കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ വിശ്വനാഥന്റെ ആധാര്‍ കാര്‍ഡ് അഡ്രസും ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് ലക്ഷങ്ങള്‍ തട്ടിയത്. ജോലി അന്വേഷിച്ചു എത്തിയ ഒരാളുടെ അക്കൗണ്ട് നമ്പര്‍ ട്രാന്‍സാക്ഷന്‍ കാണിക്കുന്നതിന്നയി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഈ പാടുകള്‍ നടത്തിയത്.
ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രില്‍ മാസം വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞു വ്യാജ എഗ്രിമെന്റുകള്‍ തയ്യാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി മുങ്ങുക ആയിരുന്നു. പ്രതിയുടെ പേരും അഡ്രസും വ്യാജമായിരുന്നിടത്തു നിന്നാണ് പുത്തന്‍കുരിശ് പോലീസ് അന്വേഷിച്ചു കണ്ടെത്തിയത്.
പ്രതി തിരിച്ചറിയാതിരിക്കാന്‍ ബസിലായിരുന്നു യാത്രകള്‍. പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ ഇയാള്‍ വെങ്ങോല ഭാഗത്തെ വാടക വീട്ടില്‍ നിന്നും രാത്രിയില്‍ മുങ്ങുക ആയിരുന്നു. പാലക്കാട് തിരുവില്വാമലയില്‍ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
2009 ല്‍ കോതമംഗലം അജാസ് വധക്കേസില്‍ ഒന്നാംപ്രതിയായി 2018 വരെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പുത്തന്‍കുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജന്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഗിരീഷ്, എസ്.ഐമാരായ കെ.ജി ബിനോയി. ജി ശശിധരന്‍, എ.എസ് മാരായ ബിജു ജോണ്‍, കെ.കെ സുരേഷ്‌കുമാര്‍, വിഷ്ണു പ്രസാദ്, സീനിയര്‍ സി പി ഒ മാരായ രാജന്‍ കാമലാസനന്‍, പി.ആര്‍ അഖില്‍, പി.എം റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.