പതിനഞ്ചുകാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചു; രണ്ട് കൗമാരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു
പതിനഞ്ചുകാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചു
പത്തനംതിട്ട: പതിനഞ്ചുകാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതിന് കുട്ടിയുടെ മൊഴി പ്രകാരം രണ്ട് കൗമാരക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി ഒമ്പതാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ച ആണ്‍കുട്ടിയുമായി സ്നേഹബന്ധത്തിലായിരുന്നു. ഇയാളുടെ നിര്‍ബന്ധപ്രകാരം നഗ്നചിത്രങ്ങള്‍ ഫോണ്‍ മുഖേന അയച്ചുകൊടുത്തു. ഇത് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചത് സുഹൃത്ത് കണ്ടു. പിന്നീടും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകള്‍ വാങ്ങി.
പ്ലസ് വണ്ണിന് പഠിക്കുന്ന മറ്റൊരു കൗമാരക്കാരനുമായി കുട്ടി തുടര്‍ന്ന് പരിചയത്തിലായി. ഇയാള്‍ കുട്ടിയെ ദേഹത്തു കടന്നുപിടിച്ച് അപമാനിക്കുകയും നഗ്നഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. സ്‌കൂളിലെ കൗണ്‍സിലിങ്ങിലൂടെ വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മാതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം കുട്ടിയെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകളനുസരിച്ചും, ഐ ടി നിയമപ്രകാരവും, പോക്സോ നിയമപ്രകാരവും ഇരുവര്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.