മാരാരിക്കുളത്ത് ലഹരിവേട്ട; 5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
ആലപ്പുഴ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താം പറമ്പിൽ വീട്ടിൽ വിനീത് തോമസി(30)നെയാണ് 5.98 ഗ്രാം എംഡിഎംഎയുമായി വീട്ടിൽ വെച്ച് പിടികൂടിയത്.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി.ജി, ഷഫീക്ക് കെ.എസ്, ജോബിൻ കെ.ആർ, രതീഷ് ആർ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. ഓണക്കാലത്തെ ലഹരി ഉപയോഗവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.