ട്രെയിലർ ട്രക്ക് റോങ്ങ് സൈഡിലൂടെ വെട്ടിയൊടിച്ചെത്തി; കുതറിയോടി യാത്രക്കാർ; പോലീസ് വാഹനത്തെ അടക്കം ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ അടിച്ചുഫിറ്റ്; ഒടുവിൽ സഹികെട്ട് നാട്ടുകാർ ചെയ്തത്

Update: 2025-01-23 10:36 GMT

മുംബൈ: മദ്യലഹരിയിൽ റോങ്ങ് സൈഡിലൂടെ ട്രക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കി ഡ്രൈവർ. ദേശീയപാതയിൽ റോങ്ങ് സൈഡിലൂടെ ട്രെയിലർ ട്രക്ക് ഓടിച്ച ഡ്രൈവർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. അവസാനം നാട്ടുകാർ ട്രക്കിന് നേരെ കല്ലെറിഞ്ഞാണ് വാഹനം നിർത്തിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പോലീസ് വാഹനത്തെ ഉൾപ്പെടെ ഇടിച്ചുതെറിപ്പിച്ചാണ് ട്രക്ക് റോങ്ങ് സൈഡിലൂടെ മുന്നോട്ട് പോയത്. ഡോംബിവാലി-ബദ്‌ലാപൂർ പൈപ്പ്‌ലൈൻ റോഡിലൂടെ ട്രക്ക് സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങളിൽ ഇടിച്ചതോടെ നാട്ടുകാർ ട്രക്ക് തടയാൻ ശ്രമിച്ചു.

ജനക്കൂട്ടം വളഞ്ഞപ്പോൾ ഡ്രൈവർ ആദ്യം ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീട് വാഹനം റിവേഴ്‌സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരത്തിലിടിക്കുകയായിരുന്നു. ട്രക്ക് റിവേഴ്‌സ് എടുക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിച്ചെങ്കിലും ഡ്രൈവർ അവിടെ നിർത്താൻ തയ്യാറായില്ല.

ഡ്രൈവറെ തടയാൻ ആളുകൾ ട്രക്കിന്റെ ചില്ലിന് നേരെ കല്ലെറിയാൻ തുടങ്ങി. എന്നാൽ, നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു. നിരവധി പേർ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഒന്നിലധികം കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Tags:    

Similar News