രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്ന പരാതി; തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ്
അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടിയെനന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. തദ്ദേശ അദാലത്തില്‍ ഇവരുടെ പ്രശ്‌നത്തിന് നിയമാനുസൃതം തീര്‍പ്പുണ്ടാക്കുകയും നമ്പര്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായി നടപടി തുരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. തദ്ദേശ അദാലത്തില്‍ ഇവരുടെ പ്രശ്‌നത്തിന് നിയമാനുസൃതം തീര്‍പ്പുണ്ടാക്കുകയും നമ്പര്‍ ലഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അഴിമതിക്കെതിരെയും അഴിമതിക്കാര്‍ക്ക് എതിരെയും സ്വീകരിക്കാന്‍ പോകുന്ന കര്‍ശന നടപടികളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങളാരും ആ ഭാഗം വാര്‍ത്തയാക്കിയതായി കണ്ടില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയാലും ഇല്ലെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.
ഫയലുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കും. അഴിമതി ആക്ഷേപങ്ങള്‍ നേരിടുന്നവരുടെ പട്ടികയും തയാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇന്റ്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളില്‍ പൊലീസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോള്‍ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പര്‍ 15 ദിവസത്തിനുള്ളില്‍ സജ്ജമാകും. ഈ വാട്ട്‌സാപ്പ് നമ്പര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വെക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും അഴിമതിക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടിയുണ്ടാവും.