നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി ഒരു വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തുടങ്ങിയ തർക്കം; ബിജെപിയുടെ ജനമുന്നേറ്റ സദസില്‍ തമ്മിലടി; പ്രവർത്തകർക്ക് പരിക്ക്
ആലപ്പുഴ: ബിജെപി ജനമുന്നേറ്റ സദസ്സിനിടെ ആലപ്പുഴയിൽ നടന്ന കൂട്ടയടിയിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ടൗൺഹാളിന് മുന്നിൽ നടന്ന സദസ്സിനുശേഷമാണ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായത്. വനിതയെ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ഡലം പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ ഓഫിസ് സെക്രട്ടറി ശ്രീകുട്ടൻ, യുവമോർച്ച ജില്ലാ ട്രഷറർ ആയിരുന്ന രാജീവ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീകുട്ടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലും, രാജീവ് കുമാർ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലും ചികിത്സയിലാണ്.
ട്രഷറർ ചുമതലയിൽ നിന്ന് കഴിഞ്ഞദിവസം നീക്കം ചെയ്യപ്പെട്ടെങ്കിലും ഇത് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നില്ലാത്ത രാജീവ് കുമാറിന് ജില്ലാ പ്രസിഡന്റിന്റെ എതിർ ഗ്രൂപ്പിലുള്ളവരുടെ പിന്തുണയുണ്ടായിരുന്നു. മർദ്ദനമേറ്റ രാജീവ് കുമാറിനെ ആദ്യം മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത് ജില്ലാ ഉപാധ്യക്ഷയുടെ നേതൃത്വത്തിലാണ്.
സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായ ബിജെപിയിൽ പ്രവർത്തകർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ തുടർച്ചയായാണ് ഈ സംഭവത്തെയും വിലയിരുത്തുന്നത്. തമ്മിലടിയെ തുടർന്ന് പ്രവർത്തകർ രണ്ടുചേരിയായി തിരിഞ്ഞ് പ്രകോപനപരമായ വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുണ്ട്.