കേരളത്തില്‍ ചൊവ്വാഴ്ച പെയ്തത് അതിതീവ്രമഴ; വടക്കന്‍ കേരളത്തിലും കൊച്ചിയിലും വ്യാപക നാശനഷ്ടം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ചൊവ്വാഴ്ച പെയ്തത് അതിതീവ്രമഴ

Update: 2025-05-21 00:53 GMT

കോഴിക്കോട്: കേരളത്തില്‍ ചൊവ്വാഴ്ച പെയ്തത് അതിതീവ്ര മഴ. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വടക്കന്‍ കേരളത്തിലും കൊച്ചിയിലും വ്യാപക നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ കാസര്‍ഗോഡ്, വയനാട് കോഴിക്കോട് അടക്കം വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് ഇന്നലെ പെയ്തിറങ്ങിയത്. അതിശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഇടങ്ങളെല്ലാം വെള്ളത്തിലായി.

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്ത് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയില്‍ മലപ്പറമ്പ് ജങ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സര്‍വീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതില്‍ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലായിരുന്നു. നാദാപുരം ചെക്യാട് ഇടിമിന്നലില്‍ രണ്ടു വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വീടിന്റെ ടൈലുകള്‍ അടര്‍ന്നു വീണു. കിണറിന്റെ ആള്‍മറയും തകര്‍ന്നു.

കനത്ത മഴയില്‍ കാസര്‍കോഡ് നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു പെരിയയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് അടുത്ത് കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു. കാലിക്കടവ്, നീലേശ്വരം ടൗണില്‍ വെള്ളം കയറി. ചെര്‍ക്കളയിലും കറന്തക്കാടും കനത്ത മഴയില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല

കണ്ണൂരില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ അതിശക്തമായ മഴയാണ്. കുറുവയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. കനത്ത മഴയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണു. കൊയ്യത്ത് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പിലാത്തറയില്‍ ദേശീയപാത സര്‍വീസ് റോഡില്‍ വെളളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

പാലക്കാടും വലിയ നാശമാണ് സംഭവിച്ചത്. അട്ടപ്പാടി പുതുരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളില്‍ മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്റെ വാഹനത്തിലേക്കാണ് ആല്‍ മരത്തിന്റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ എട്ടാം വളവിനും, ഒന്‍പതാം വളവിനുമിടയിലാണ് മണ്ണിടിഞ്ഞത്.

വയനാട്ടില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴപെയ്തു. ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മഴക്കെടുതികള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചു.

എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം സമീപത്തെ സെക്യൂരിറ്റി ക്യാബിനില്‍ തട്ടി ഓട്ടോയില്‍ പതിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ കാലവര്‍ഷം കേരള തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News