വീണ്ടും ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2024-09-23 12:20 GMT

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഏഴുദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ ജില്ലകളിലായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ (ചൊവ്വാഴ്ച) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്നും ചൊവ്വാഴ്ചയും ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സാധാരണയിൽ നിന്ന് ആറുദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ തുടങ്ങിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങാൻ സാധ്യത ഉണ്ട്.

മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴി മണിക്കൂറുകൾക്കുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത കൂടുതൽ. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ഉയരുന്നത്.

Tags:    

Similar News