ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

Update: 2025-07-20 03:20 GMT

കോതമംഗലം: ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങളും വീഡിയോകളും എടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍ വീട്ടില്‍ താമസിക്കുന്ന അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 15-നാണ് സംഭവം നടന്നത്. കോതമംഗലത്തെ ലോഡ്ജിലേക്കാണ് ഇരുവരും ചേര്‍ന്ന് യുവാവിനെ ക്ഷണിച്ചത്. മുറിയിലെത്തിയ ശേഷം കമ്പിവടി കാണിച്ച് ഭീഷണിപ്പെടുത്തി കവിളത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോടൊപ്പം നിര്‍ത്തി നഗ്‌നനാക്കിയ ശേഷമാണ് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്. അതിനുശേഷം യുവാവിന്റെ സ്വര്‍ണമാലയും ആധുനിക ഫീച്ചറുകളുള്ള, ഏകദേശം എഴുപതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ കൈവശപ്പെടുത്തി.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 25,000 രൂപയും 8 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. അമലിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. യുവതി പെരുമ്പാവൂര്‍ സ്റ്റേഷനിലെ കേസില്‍ പ്രതിയായതും പൊലീസ് വ്യക്തമാക്കി.

Tags:    

Similar News