ആളില്ലാത്ത വീടുകൾ ആദ്യം നോക്കിവെച്ചു; തക്കം നോക്കിയെത്തി; വാതിലിന്‍റെ പൂട്ട് തകർത്ത് കവർച്ച; പെരിങ്ങോം മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

Update: 2024-12-20 05:16 GMT

കണ്ണൂര്‍: ആളില്ലാത്ത വീടുകൾ നോക്കിവെച്ച് മോഷണം. കണ്ണൂർ പെരിങ്ങോം കാങ്കോലിലാണ് സംഭവം നടന്നത്. താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് ഒടുവിൽ മോഷണം നടന്ന വിവരം അറിയുന്നത്.

സംഭവത്തിൽ ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു.

രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News